കോഴിക്കോട്: മാവുർ പഞ്ചായത്തിലെ 13-ാം വാർഡില്‍ മീമുള്ളൻ പാറയ്ക്ക് എതിർവശമുള്ള പഞ്ചായത്ത് റോഡ്, മാവൂർ പഞ്ചായത്ത് രണ്ടുമാസത്തിനകം പുനർനിർമാണം നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു.
ജലജീവൻമിഷൻ പദ്ധതി പ്രകാരം കുടിവെള്ളം ലഭിക്കുന്നതിന് വേണ്ടിയാണ് റോഡ് വെട്ടിപൊളിച്ചത്. എന്നാല്‍ റോഡ് നന്നാക്കിയില്ലെന്നും കുടിവെള്ളം കിട്ടിയില്ലെന്നും നാട്ടുകാർ പരാതിപ്പെട്ടു.
ജല അഥോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയറില് നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. മാവൂർ പഞ്ചായത്ത് പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരമാണ് പൈപ്പ് ലൈൻ സ്ഥാപിച്ചതെന്നും കൊടിയത്തൂർ പഞ്ചായത്തില്‍ നിന്നും ബാക്കി വന്ന പൈപ്പ് ഉപയോഗിച്ച് നടത്തിയ പ്രവൃത്തിയായതിനാല്‍ റോഡിന്റെ പുനർനിർമാണം പഞ്ചായത്ത് തന്നെ ചെയ്യണമെന്ന് അറിയിച്ചതാണെന്നും റിപ്പോർട്ടില്‍ പറഞ്ഞു.
മാവൂർ കണ്ണിപറമ്ബ് പൊതുമരാമത്ത് റോഡില്‍ സ്ഥാപിച്ചിട്ടുള്ള മെയിൻ വിതരണ പൈപ്പ് ലൈനില്‍ നിന്നും പരാതിയില്‍ പരാമർശിച്ച റോഡില്‍ സ്ഥാപിച്ച പൈപ്പ് ലൈനുമായി ഇന്റർ കണക്ഷൻ നല്‍കിയിട്ടുണ്ടെന്നും കുടിവെള്ളവിതരണം നടത്തുന്നുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു.
ജല അഥോറിറ്റിയുടെ റിപ്പോർട്ടില്‍ മാവൂർ പഞ്ചായത്തിന്റെ നിർദ്ദേശപ്രകാരമാണ് പൈപ്പ് സ്ഥാപിച്ചതെന്ന് പരാമർശമുള്ള സാഹചര്യത്തില്‍ റോഡ് നിർമാണം പഞ്ചായത്ത് തന്നെ നടത്തണമെന്ന് ഉത്തരവില്‍ പറഞ്ഞു. മാവൂർ സ്വദേശി കെ.പി. രാജശേഖരൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










