പേരാമ്പ്ര: കുറച്ചുകാലമായി വിരലിലെണ്ണാവുന്ന കുട്ടികള്‍മാത്രം പഠിച്ചിരുന്ന പേരാമ്പ്ര ഗവ. വെല്‍ഫെയര്‍ എല്‍പി സ്‌കൂളില്‍ ഇത്തവണ ആരും പ്രവേശനം നേടാനെത്തിയില്ല. കഴിഞ്ഞ തവണ മൂന്നാംതരത്തിലുണ്ടായിരുന്ന കുട്ടി മറ്റൊരു സ്‌കൂളിലേക്ക് ടിസി വാങ്ങിപ്പോവുകയും ചെയ്തു. ഇതോടെ മുക്കാല്‍നൂറ്റാണ്ടായി അക്ഷരവെളിച്ചം പകര്‍ന്ന സ്‌കൂളിന് താഴുവീണു.
കഴിഞ്ഞവര്‍ഷം പ്രധാനാധ്യാപികയായിരുന്ന എം.വി. ഷൈമലത രാവിലെത്തന്നെ സ്‌കൂളിലെത്തി ഓഫീസ് മുറി തുറന്നിരുന്നു. ആരെങ്കിലും പ്രവേശനം നേടാന്‍ എത്തുമെന്ന പ്രതീക്ഷയോടെ കാത്തിരുന്നു. ആരും വരാത്തതിനാല്‍ പിന്നീട് മുറി പൂട്ടിയിറങ്ങി. ഷൈമലത ടീച്ചറെ മറ്റൊരു സ്‌കൂളിലേക്ക് ഇത്തവണ മാറ്റിനിയമിച്ചിട്ടുണ്ട്. കുട്ടികള്‍ ഇല്ലാത്തതിനാല്‍ സ്‌കൂളില്‍ അധ്യാപകര്‍ ആരെയും ഇത്തവണ നിയമിച്ചിരുന്നില്ല. വിവരം ഡിഡിഇക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്നും പ്രാദേശികതലത്തില്‍ സ്‌കൂള്‍ നിലനിര്‍ത്താന്‍ ഒരുശ്രമംകൂടി നടത്തുന്നുണ്ടെന്നും പേരാമ്പ്ര എഇഒ കെ.വി. പ്രമോദ് പറഞ്ഞു. ഗ്രാമപ്പഞ്ചായത്ത് നേതൃത്വത്തില്‍ ചൊവ്വാഴ്ച പ്രദേശത്ത് സര്‍വകക്ഷിയോഗം ചേരുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ഒന്നാംതരത്തില്‍ ഒരാളാണ് ചേര്‍ന്നിരുന്നത്. തുടക്കത്തില്‍ ഓരോ ക്ലാസിലും ഓരോരുത്തരായി നാല് വിദ്യാര്‍ഥികളുണ്ടായിരുന്നുവെങ്കിലും പിന്നീട് മൂന്നുപേരും ടിസി വാങ്ങിപ്പോയി. അവസാനമായപ്പോള്‍ ഒരാള്‍മാത്രമാണ് ശേഷിച്ചിരുന്നത്. അതോടെ തസ്തികയില്ലാതെ മൂന്ന് അധ്യാപകരും മറ്റിടങ്ങളിലേക്ക് പോയി. മുറ്റത്ത് കളിക്കാന്‍ കുട്ടികളുടെ പാര്‍ക്കും ടൈല്‍ വിരിച്ച തറയും ഫാനുള്ള ക്ലാസ്മുറികളും എല്ലാമിവിടെയുണ്ട്. എന്നിട്ടും, കുറച്ചുകാലമായി സാംബവ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍മാത്രമാണിവിടെ പഠിക്കാന്‍ എത്തിയിരുന്നത്. കൂടുതല്‍ വിദ്യാര്‍ഥികളെ എത്തിക്കാന്‍ ശ്രമങ്ങള്‍ നടന്നെങ്കിലും ഫലമുണ്ടായില്ല. 2022-ല്‍ 11 കുട്ടികള്‍ സ്‌കൂളിലുണ്ടായിരുന്നു.
സ്‌കൂള്‍ സന്ദര്‍ശനത്തിനിടെ കുട്ടികള്‍ കുറവുള്ള കാര്യം അറിഞ്ഞപ്പോള്‍ 2022-ല്‍ പേരാമ്പ്ര എഇഒ ഓഫീസിലെ രണ്ട് ക്ലാര്‍ക്കുമാരുടെ മക്കളെ ഇവിടെ ചേര്‍ത്ത് മാതൃക കാട്ടിയിരുന്നു. കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ 20018-19ലും 2019-20 വര്‍ഷത്തിലും സ്‌കൂളില്‍ ഇതരസമുദായത്തില്‍പ്പെട്ട വിദ്യാര്‍ഥികളെ ചേര്‍ക്കാനും മുന്നിട്ടിറങ്ങിയിരുന്നു. മറ്റു സ്ഥലങ്ങളില്‍നിന്ന് വാഹനം ഏര്‍പ്പെടുത്തിയാണ് ഇവര്‍ വന്നിരുന്നത്. അക്കാലത്ത് 21 വിദ്യാര്‍ഥികള്‍ സ്‌കൂളില്‍പഠിച്ചിരുന്നു. ഇവര്‍ പോയതോടെ വീണ്ടും കുട്ടികള്‍ കുറയുന്ന സ്ഥിതിയായി.
വര്‍ഷങ്ങള്‍ക്കുമുന്‍പ് എല്ലാ വിഭാഗത്തിലുമുള്ള ഒട്ടേറെ വിദ്യാര്‍ഥികളുള്ള സ്‌കൂളായിരുന്നു ഇത്. എന്നാല്‍, പിന്നീട് പ്രദേശത്തെ മറ്റു വിദ്യാര്‍ഥികളെല്ലാം മറ്റുളള സ്‌കൂളുകളിലേക്ക് മാറുകയും ചേര്‍മലയില്‍ സാംബവ വിഭാഗക്കാര്‍ താമസിക്കുന്ന സ്ഥലത്തെ വിദ്യാര്‍ഥികള്‍മാത്രം പഠിക്കുന്ന സ്‌കൂളായി മാറുകയുമായിരുന്നു. പരോക്ഷമായ ജാതിവിവേചനത്തിന്റെ തെളിവാണിതെന്ന് ആരോപിച്ച് വിവിധ സംഘടനകളും നേരത്തേ രംഗത്തെത്തിയിരുന്നു.
സ്‌കൂളിന് തൊട്ടുത്തുതന്നെ മറ്റൊരു എയ്ഡഡ് എല്‍പി സ്‌കൂളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെയും കുട്ടികളുടെ എണ്ണം കുറവാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










