ഹജ്ജും ബലിപെരുന്നാളും വീണ്ടും നമ്മുടെ മുന്നിലെത്തി. വിശ്വാസികളുടെ ഹൃദയങ്ങളിൽ സന്തോഷത്തിന്റെ വർഷം.
4,000 വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ഒരു കുടുംബത്തിന്റെ ത്യാഗങ്ങളുടെ ആഘോഷമാണ് ഹജ്ജ് പെരുന്നാൾ. ഹജ്ജിലൂടെ, ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ പ്രവാചകൻ ഇബ്രാഹിമിന്റെയും അദ്ദേഹത്തിന്റെ പ്രിയപുത്രൻ ഇസ്മായിലിന്റെയും കുടുംബത്തിന്റെയും നിത്യസ്മരണകൾ തിരികെ കൊണ്ടുവരുകയാണ്. ഇരുവരുടെയും വിളിക്കുത്തരം നല്കിയ ചരിത്രത്തില്‍ തുല്യതയില്ലാത്ത ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും വർണവിവേചനം കലരാത്ത ആശയ പ്രബോധനത്തിന്റെയും മഹത്തായ ജീവിത പൂർത്തീകരണവുമാണ് പ്രവാചകൻ മുഹമ്മദ് നബി അറഫാ മൈതാനിയില്‍നിന്നും ലോകത്തെ കേള്‍പ്പിച്ചത്. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ പ്രഖ്യാപന സമ്മേളനമാണിതെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.
കുടുംബത്തിലേക്ക്, അയല്‍ക്കാരിലേക്ക്, സുഹൃത്തുക്കളിലേക്ക് അങ്ങനെ എല്ലാവരിലേക്കും നിഷ്കളങ്കമായ സ്നേഹചാലുകള് ഒഴുകട്ടെ. മതത്തിന്റെപേരിലുള്ള വിദ്വേഷങ്ങളാണ് ഇന്നു മനുഷ്യ സമൂഹത്തില്‍ കൂടുതലും സംഘർഷങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. ഇതരമതസ്ഥർക്ക് വിശ്വാസ ആചാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും വകവെച്ചു കൊടുത്തുകൊണ്ട് മാതൃകകാണിച്ചവരായിരുന്നു പ്രവാചകനും അവിടത്തെ അനുചരന്മാരും. മാനവികതയുടെ ഒന്നാംപാഠം അകവും പുറവും തെളിഞ്ഞു കാണുന്ന വിശുദ്ധിയുടെ വെളിച്ചമാകേണ്ടതുണ്ട്. ഇരുട്ടിനെതിരെ വെളിച്ചത്തിന്റെ ധർമസമരങ്ങള്‍ കത്തിജ്ജ്വലിക്കുമ്ബോഴാണ് തിന്മകള് ഇല്ലാത്ത പ്രവാചക ദർശനങ്ങളുടെ ഉണർത്തലുകള്‍ക്ക് പ്രസക്തി വർധിക്കുന്നത്. ലോകത്ത് വിളക്കണക്കാൻ ഇന്ന് അധിക പേരുണ്ട്.
എന്നാല്‍ വെളിച്ചം നല്കാൻ അത്ര പേരുണ്ടാകണമെന്നില്ല. അറഫാമൈതാനിയില്‍ നിന്നും പാരാവാരം ജനസഞ്ചയത്തെ സാക്ഷിനിർത്തി പ്രവാചകൻ നടത്തിയ അറഫാ സന്ദേശം കേട്ടുണർന്നവർ ആ മഹിത ലോകത്തിന് കൈമാറേണ്ടതുണ്ട്. മാനവസമൂഹം പ്രവാചകൻ നല്കിയ പ്രകാശത്തിന്റെ സുഗന്ധവും സൗന്ദര്യവും വേണ്ടുവോളം ആസ്വദിക്കട്ടെ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









