നാദാപുരം: ഓൺലൈൻ വഴി തട്ടിപ്പ് നടത്തി ആറര ലക്ഷം രൂപ കൈക്കലാക്കിയ കേസിലെ പ്രതികളിൽ ഒരാൾ പിടിയിൽ. തമിഴ്‌നാട് സ്വദേശി രമേശ് (38) ആണ് അറസ്റ്റിലായത്. വളയം ഇൻസ്പെക്ടർ എം.കെ അനിൽ കുമാർ, എസ്ഐ എൻ രമേശൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
2024 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാണിമേൽ നിടും പറമ്പിലെ നടുത്തമ്മൽ അർഷായാണ് തട്ടിപ്പിനിരയായത്. ക്രിപ്റ്റോ കറൻസി നൽകാമെന്ന് വിശ്വസിപ്പിച്ച് ഇയാളിൽ നിന്ന് 6.5 ലക്ഷം രൂപയാണ് പ്രതികൾ തട്ടിയത്. പ്രതിക്ക് ബാങ്ക് അക്കൗണ്ടിലേക്ക് തുക അയച്ചുനൽകി. എന്നാൽ ക്രിപ്റ്റോകറൻസിയോ പണമോ ലഭിച്ചില്ല. പിന്നീട് പരാതിക്കാരൻ പുതിയ മൊബൈൽ നമ്പർ സംഘടിപ്പിച്ച് പ്രതിയുമായി സൗഹൃദം സ്ഥാപിച്ച് ഏഴു ലക്ഷം രൂപയുടെ ക്രിപ്റ്റോ കറൻസി ആവശ്യപ്പെട്ടു. ഇടപാടിനായി പാനൂരിൽ എത്താൻ ആവശ്യപ്പെട്ടതോടെ പരാതിക്കാരൻ വിവരം വളയം ഇൻസ്പെക്ടറെ അറിയിക്കുകയായിരുന്നു. പാനൂരിൽ എത്തിയ പ്രതിയെ പൊലീസ് തന്ത്രപൂർവം പിടികൂടി. കേസിലെ മറ്റ് പ്രതികൾക്കുവേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










