കോഴിക്കോട്: ആവേശം പെരുമഴയായി പെയ്ത സായാഹ്നത്തില്‍, മുദ്രാവാക്യങ്ങളാല്‍ പ്രകമ്ബനം തീർത്ത അന്തരീക്ഷത്തില്‍ നക്ഷത്രാങ്കിത ശുഭ്രപതാക വാനിലേക്കുയർന്നു; നാലു നാള്‍ നീണ്ടുനില്‍ക്കുന്ന എസ്.എഫ്.ഐ അഖിലേന്ത്യ സമ്മേളനം വെള്ളിയാഴ്ച മുതല്‍ കോഴിക്കോട്ട് നടക്കും.
പൊതുസമ്മേളന നഗരിയായ കടപ്പുറത്തെ കെ.വി. സുധീഷ് നഗറില്‍ പൊതുമരാമത്ത് മന്ത്രിയും സ്വാഗതസംഘം ചെയർമാനുമായ പി.എ. മുഹമ്മദ് റിയാസ് പതാക ഉയർത്തി.
രക്തസാക്ഷി ധീരജ് രാജേന്ദ്രന്റെ സ്മരണകളുറങ്ങുന്ന ഇടുക്കി പൈനാവ് എൻജിനീയറിങ് കോളജിലെ സ്മൃതിമണ്ഡപത്തില്‍നിന്നാരംഭിച്ച പതാകജാഥയും മധുരക്കടുത്ത തിരുപറണ്‍കുന്ദ്രം ത്യാഗരാജർ എൻജിനീയറിങ് കോളജിലെ സോമു-സെമ്ബു രക്തസാക്ഷി മെമ്മോറിയലില്‍നിന്ന് കൊളുത്തിയ ദീപശിഖയും കൂത്തുപറമ്ബിലെ കെ.വി. സുധീഷ് രക്തസാക്ഷി കുടീരത്തില്‍നിന്ന് പുറപ്പെട്ട കൊടിമര ജാഥയും വൈകീട്ട് അഞ്ചരയോടെ പൊതുസമ്മേളന നഗരിയില്‍ സംഗമിച്ചു.
തുടർന്ന് സ്വാഗതസംഘം ട്രഷററും സി.പി.എം ജില്ല സെക്രട്ടറിയുമായ എം. മെഹബൂബ് കൊടിമരം ഏറ്റുവാങ്ങി കടപ്പുറത്ത് സ്ഥാപിച്ചശേഷമായിരുന്നു പതാക ഉയർത്തിയത്. ഈ സമയമത്രയും കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് സമ്മേളനപ്രതിനിധികളും സ്വാഗതസംഘം ഭാരവാഹികളുമുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ കടപ്പുറത്ത് നിലകൊണ്ടു.
പ്രതിനിധി സമ്മേളനം കോഴിക്കോട് ബീച്ചിനടുത്ത് ഫലസ്തീൻ സോളിഡാരിറ്റി നഗറിലെ (ആസ്പിൻവാള്‍ കോർട്ട്‌യാർഡ്) സീതാറാം യെച്ചൂരി, നേപ്പാള്‍ദേവ് ഭട്ടാചാര്യ മഞ്ചില്‍ വെള്ളിയാഴ്ച രാവിലെ 11ന് മാധ്യമ പ്രവർത്തകൻ ശശികുമാർ, നാടക സംവിധായകനും നടനുമായ എം.കെ. റെയ്‌ന എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും.
അതിനുമുന്നോടിയായി രാവിലെ 10ന് അഖിലേന്ത്യ പ്രസിഡന്റ് വി.പി. സാനു പതാക ഉയർത്തും. 29ന് വൈകീട്ട് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതോടെ പ്രതിനിധി സമ്മേളനത്തിന് സമാപനമാകും. 30ന് പകല്‍ 11ന് കടപ്പുറത്ത് വിദ്യാർഥി റാലിയും പൊതുസമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.
517 പ്രതിനിധികളും 198 നിരീക്ഷകരും 77 കേന്ദ്ര കമ്മിറ്റിയംഗങ്ങളും ഉള്‍പ്പെടെ 792 പേർ സമ്മേളനത്തില്‍ പങ്കെടുക്കും. സി.പി.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി, മുൻ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, എസ്.എഫ്.ഐ പ്രഥമ അഖിലേന്ത്യ സെക്രട്ടറി ബിമൻ ബസു എന്നിവർ സമ്മേളനത്തില്‍ പങ്കെടുക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










