കോഴിക്കോട് : മഴക്കാലമായിട്ടും അപകടങ്ങള്‍ പതിയിരിക്കുന്ന റോഡിലൂടെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചില്‍. തകർത്തു പെയ്യുന്ന മഴയില്‍ റോഡുകള്‍ മിക്കതും കുണ്ടും കുഴിയുമായിട്ടും സമയംതെറ്റി ട്രിപ്പുകള്‍ മുടങ്ങാതിരിക്കാൻ ചീറി പായുകയാണ്.
കഴിഞ്ഞ നാല് വർഷത്തിനിടെ കോഴിക്കോട് സിറ്റി പൊലീസിന്റെ പരിധിയില്‍ മാത്രം നടന്നത് തൊള്ളായിരത്തോളം ബസപകടങ്ങളാണ്. അപകടങ്ങള്‍ തുടർക്കഥയാകുമ്ബോഴും മനുഷ്യജീവന് ഒരു വിലയും കല്പിക്കാതെയാണ് ചില ബസ് ഡ്രൈവർമാരുടെ ഓട്ടം. പാലത്തിന് മുകളില്‍നിന്ന് അപകടകരമായി വാഹനങ്ങളെ മറികടക്കുകയും മുമ്ബിലുള്ള ചെറിയ വാഹനങ്ങളെ പരിഗണിക്കാതെയുമുള്ള യാത്രകളാണ് വലിയ അപകടങ്ങളാണുണ്ടാക്കുന്നത്.
കഴിഞ്ഞ ദിവസം നന്തി മേല്പാലത്തില് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച സംഭവത്തില്‍ മുന്നിലുണ്ടായിരുന്ന ടിപ്പർ ലോറിയെ മറികടക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് വ്യക്തമാണ്. സംഭവത്തില്‍ 50 പേർക്കാണ് പരിക്ക് പറ്റിയത്. കഴിഞ്ഞ മാസങ്ങളില്‍ താമരശ്ശേരിയില്‍ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചുകയറിയും കുന്ദമംഗലത്ത് ടൂറിസ്റ്റ് ബസ് സ്വകാര്യ കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയും അപകടങ്ങളുണ്ടായി. ഭാഗ്യം കൊണ്ടാണ് വലിയ പ്രശ്നങ്ങളുണ്ടാവാത്തതെന്ന് ദൃക്സാക്ഷികളും പറഞ്ഞിരുന്നു.
മഴയും ഗതാഗതക്കുരുക്കും രൂക്ഷമായതിനാല്‍ ബസുകള്‍ക്കിടയില്‍ മത്സരയോട്ടം പതിവാണ്. കഴിഞ്ഞ ദിവസം കുറ്റ്യാടി, നടുവണ്ണൂർ എന്നിവിടങ്ങളിലേക്ക് പോകുന്ന സ്വകാര്യബസുകള്‍ തമ്മില്‍ സംഘർഷമുണ്ടായി കണ്ടക്ടർക്ക് പരിക്കേറ്റിരുന്നു. ദേശീയപാതയുടെ നിർമാണം ഇപ്പോഴും ഇഴഞ്ഞ് നീങ്ങുന്ന വെങ്ങളം- അഴിയൂർ റീച്ചില്‍ പലയിടത്തും വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. സമയത്ത് ട്രിപ്പുകള്‍ അവസാനിപ്പിക്കാനായി വലിയ മത്സരമാണ് ബസുകാർക്കിടയില്‍ നടക്കുന്നത്. മഴക്കാലമായതോടെ മോട്ടോർ വാഹനവകുപ്പിന്റെ പരിശോധനകളും കുറവാണ്.
പൊതുജനങ്ങള്‍ക്കും കണ്മുന്നില് കാണുന്ന നിയമലംഘനങ്ങള്‍ മോട്ടോർ വാഹന വകുപ്പിനെ അറിയിക്കാം. കേന്ദ്ര ഗതാഗതമന്ത്രാലയം നാഷണല്‍ ഇൻഫർമാറ്റിക് സെന്റർ (എൻ.ഐ.സി) യുടെ സഹായത്തോടെ നവീകരിച്ച ‘നെക്സ്റ്റ് ജെൻ എം – പരിവാഹൻ’ മൊബൈല്‍ അപ്ലിക്കേഷൻ വഴിയാണ് ഈ സൗകര്യം ഒരുക്കിയത്. നിയമം തെറ്റിക്കുന്ന വാഹനങ്ങളുടെ ഫോട്ടോയോ വീഡിയോയോ പകർത്തി ആപ്പിലെ ‘സിറ്റിസണ്‍ സെന്റിനല്‍’ എന്ന സെക്ഷൻ വഴി അപ്ലോഡ് ചെയ്യാം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










