കോഴിക്കോട്: വെടിമരുന്നും അപായകരമായ വസ്തുക്കളുമടങ്ങുന്ന കണ്ടെയ്നറുകളുമായി സഞ്ചരിച്ച ചരക്കുകപ്പല്‍ ‘വാൻ ഹായ് 503’ കേരളത്തിനടുത്തുള്ള ആഴക്കടലില്‍ കത്താൻതുടങ്ങിയിട്ട് ഒരുമാസം.
ജൂണ്‍ ഒൻപതിന് രാവിലെ ഒൻപതരയോടെയാണ് കപ്പലില്‍ തീ ഉയർന്നത് (ബുധനാഴ്ച രാവിലെ ഒൻപതരയാകുമ്ബോഴേക്ക് 720 മണിക്കൂറായി കപ്പല്‍ ഒഴുകിനടന്ന് കത്തുകയാണ്). തീയണയ്ക്കാനും കപ്പലിനെ വരുതിക്ക് നിർത്താനുമുള്ള ദൗത്യവുമായി മൂന്നിലേറെ കപ്പലുകള്‍ അന്നുമുതല്‍ സമീപമുണ്ട്. അപകടത്തില്‍ കാണാതായ നാല് കപ്പല്‍ജീവനക്കാർ മരിച്ചോ ജീവിച്ചിരിപ്പുണ്ടോയെന്ന് ഔദ്യോഗികമായി ഇനിയും പ്രഖ്യാപിക്കാനായിട്ടില്ല.
അറബിക്കടലില്‍ കണ്ണൂർ അഴീക്കല്‍ തുറമുഖത്തിന് 81.49 കിലോമീറ്റർ (44 നോട്ടിക്കല്‍ മൈല്‍) അകലെവെച്ചാണ് കപ്പലിന് തീപിടിച്ചത്. ശ്രീലങ്കയിലെ കൊളംബോ തുറമുഖത്തുനിന്ന് മുംബൈയിലെ നവഷെവ തുറമുഖത്തേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. 1754 കണ്ടെയ്നറുകളാണ് ഇതിലുണ്ടായിരുന്നത്. വെള്ളം തട്ടുമ്ബോള്‍ തീപിടിക്കുന്ന രാസപദാർഥങ്ങള്‍ ഉള്‍പ്പെട്ട കണ്ടെയ്നറുകളാണ് രക്ഷാപ്രവർത്തനങ്ങള്‍ക്ക് തടസ്സമാകുന്നത്.
തീപിടിക്കുമ്ബോള്‍ കണ്ണൂർ അഴീക്കലിന് 81 കിലോമീറ്റർമാത്രം അകലെയായിരുന്നു കപ്പല്‍. ജൂലായ് എട്ടിന് വൈകീട്ട് കേരളതീരത്തുനിന്ന് 220 കിലോമീറ്റർ അകലെയാണ് കപ്പലുള്ളത്. എൻജിൻ പ്രവർത്തനം നിലച്ച കപ്പല്‍, കാറ്റിന്റെയും തിരയുടെയും വേഗമനുസരിച്ച് പൊന്നാനി തീരത്തേക്കാണ് ആദ്യം നീങ്ങിയത്. പിന്നീട്, ടഗ്ഗുകള്‍ ഉപയോഗിച്ച് വലിച്ചുകെട്ടി ലക്ഷദ്വീപ് ഭാഗത്തേക്ക് കൊണ്ടുപോയി. ജൂണ്‍ 30-ഓടെ ഇന്ത്യയുടെ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണ്‍ (ഇഇഇസെഡ്) കടന്നു.
സരോജ ബ്ളെസിങ്സ്, സാക്ഷം, വാട്ടർ ലില്ലി എന്നീ കപ്പലുകളാണ് തീയണയ്ക്കാനും, അവശേഷിക്കുന്ന ചരക്കുകള്‍ സുരക്ഷിതമാക്കാനും കാണാതായവരെ കണ്ടെത്താനുമുള്ള ദൗത്യത്തില്‍ ഏർപ്പെട്ടിരിക്കുന്നത്.
അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ രണ്ട് കപ്പല്‍ജീവനക്കാർ ഇപ്പോഴും മംഗളൂരു എജെ ആശുപത്രിയില്‍ ചികിത്സയിലാണ്. കപ്പലിലെ ഓയിലറായ ചൈനക്കാരനായ ലു യൻലി, ഇൻഡൊനീഷ്യക്കാരനായ സോനിറ്റൂർ ഹയേനി എന്നിവരാണ് ചികിത്സയിലുള്ളത്. ഇവർക്ക് രണ്ടാഴ്ചയ്ക്കകം ആശുപത്രിവിടാനാവുമെന്ന് ഡോക്ടർമാർ പറഞ്ഞു. കപ്പലിലെ 18 പേരെയാണ് മംഗളൂരുവില്‍ എത്തിച്ചിരുന്നത്. ചികിത്സയിലുള്ള രണ്ടുപേർ ഒഴികെയുള്ളവർ നാട്ടിലേക്ക് മടങ്ങിയിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










