കണ്ണൂർ ∙ പൊതുസ്ഥലത്ത് മദ്യപിച്ചതിന് കൊടി സുനിക്കും സംഘത്തിനുമെതിരെ പോലീസ് കേസെടുത്തു. ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ്, സുഹൃത്തുക്കൾ എന്നിവർക്കെതിരെ തലശ്ശേരി പോലീസ് കേസെടുത്തു. തെളിവുകളുടെ അഭാവത്തിൽ കേസെടുക്കാൻ കഴിയില്ലെന്ന നിലപാടിലായിരുന്ന പോലീസ് ഒടുവിൽ സ്വമേധയാ കേസെടുത്തു.
കണ്ണൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിഞ്ഞുവരുന്ന കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരെ വിചാരണയ്ക്കായി ജൂൺ 17ന് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും തലശ്ശേരി കോടതിയിൽ ഹാജരാക്കി. കോടതി നടപടികൾക്കു ശേഷം തിരിച്ചുപോകവെ വൈകുന്നേരം 4 മണിയോടെ കോടതിക്കു സമീപത്തുള്ള വിക്ടോറിയ ഹോട്ടലിൽ പ്രതികൾ എത്തി. പൊലീസുകാരുടെ നിരീക്ഷണത്തിൽ നിന്നും മാറി പൊതുസ്ഥലമായ ഹോട്ടലിന്റെ കാർ പാർക്കിങ് ഏരിയയിൽ വച്ച് സുഹൃത്തുക്കളോടൊപ്പം പരസ്യമായി മദ്യപിക്കുകയായിരുന്നു. ഇക്കാര്യം സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായെന്നും എഎഫ്ഐആറിൽ പറയുന്നു. തലശ്ശേരി പൊലീസ് എസ്ഐ പി.ഷമീൽ ആണ് കേസ് റജിസ്റ്റർ ചെയ്തത്.സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ കൊടി സുനി ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കാനാകില്ലെ എന്ന നിലപാടിലായിരുന്നു പൊലീസ്. സിസിടിവി ദൃശ്യത്തിൽ നിന്ന്, കുടിച്ചത് മദ്യമാണെന്ന് തെളിയിക്കാൻ സാധിക്കില്ലെന്നും കോടതിയിൽ പോയാൽ കേസ് തള്ളിപ്പോകുമെന്നുമായിരുന്നു പൊലീസിന്റെ വിശദീകരണം. എന്നാൽ അതേ പൊലീസ് തന്നെ ഇപ്പോൾ, കുടിച്ചത് മദ്യമാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായതായി എഎഫ്ഐആറിൽ പറയുന്നു. പരാതിയില്ലാത്തതിനാൽ കേസെടുക്കുന്നില്ലെന്നും പൊലീസ് പറഞ്ഞതോടെ കെഎസ്‌യു പരാതിയുമായി രംഗത്തെത്തിയിരുന്നു. എന്നാൽ നിലവിൽ പൊലീസ് സ്വമേധയായാണ് കേസെടുത്തത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










