തിരുവനന്തപുരം∙ വോട്ടർ പട്ടികയിലെ ക്രമക്കേട് വെളിച്ചത്തുകൊണ്ടുവരാൻ രാഹുൽ ഗാന്ധി ഇപ്പോൾ നടത്തുന്ന പോരാട്ടം 6 വർഷങ്ങൾക്കു മുൻപു വിജയകരമായി നടപ്പാക്കിയ എംപി യാണ് അടൂർ പ്രകാശ്. കോന്നിയിൽനിന്ന് എംഎൽഎ സ്ഥാനം രാജിവച്ച് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എത്തിയ അടൂർ പ്രകാശ് ആദ്യം ചെയ്തത് വോട്ടർ പട്ടികയുടെ പരിശോധനയായിരുന്നു. അതിനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. ഇപ്പോൾ രാഹുൽ ഗാന്ധിക്കു കിട്ടിയതു പോലെ കടലാസിൽ അച്ചടിച്ചായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ അന്നും പട്ടിക കൈമാറിയത്.
അന്ന് അടൂർ പ്രകാശിന്റെ ഡിജിറ്റൽ ടീം 1.14 ലക്ഷം ഇരട്ടവോട്ടുകൾ കണ്ടെത്തി. ചിലർക്കു മൂന്നു നാലും സ്ഥലങ്ങളിൽ വോട്ടുകൾ കണ്ടെത്തിയെന്ന് അടൂർ പ്രകാശ് പറഞ്ഞു. പട്ടിക സഹിതം മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്കും കലക്ടർക്കും പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. ഒടുവിൽ വാർത്താസമ്മേളനം വിളിച്ചു കാര്യങ്ങൾ വെളിപ്പെടുത്തി. പിന്നാലെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് ഇരട്ടവോട്ടുകളടങ്ങിയ സിഡി സഹിതം കത്തയച്ചു. കമ്മിഷന്റെ നിർദേശം വന്നതോടെ കലക്ടർ ഇടപെട്ടു. ഇരട്ടവോട്ടുകാരുടെ പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രത്യേകം തയാറാക്കി ബൂത്തുകൾക്കു മുന്നറിയിപ്പു നൽകി. അങ്ങനെ 52,000 ഇരട്ടവോട്ടുകൾ പോൾ ചെയ്യുന്നതു തടയാനായി.
കഴിഞ്ഞ തിരഞ്ഞെടുപ്പിനു മുൻപ് പരിശോധന നടത്തിയപ്പോൾ 5 വർഷം സമയം കിട്ടിയിട്ടും ഇരട്ടവോട്ടുകൾ പട്ടികയിൽ നിന്നു നീക്കിയിട്ടില്ലെന്ന് ബോധ്യമായി. പുതിയ ഇരട്ടവോട്ടുകൾ കൂടി ചേർന്നപ്പോൾ ആകെ 1.64 ലക്ഷം വോട്ടുകളായി. സംസ്ഥാന സർക്കാരിനു കീഴിലെ ഭരണാനുകൂല സർവീസ് സംഘടനകളാണ് ഇൗ ഇരട്ടവോട്ടു ചേർക്കലിന് എല്ലാ ഒത്താശയും ചെയ്യുന്നതെന്നാണ് കണ്ടെത്തിയത്. ആരോപണം ശക്തമാക്കിയപ്പോൾ പട്ടികയിൽനിന്നു മരിച്ചവരെ മാത്രം ഒഴിവാക്കി. ബാക്കിയുള്ള ഇരട്ടവോട്ടുകൾ പിന്നെയും അതേപടി തുടർന്നു. ഒടുവിൽ മറ്റു മാർഗമില്ലാതെ വന്നപ്പോൾ ഹൈക്കോടതിയെ സമീപിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










