കോഴിക്കോട്: മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് താമരശ്ശേരി ചുരത്തിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. സംഭവസ്ഥലത്ത് കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന് അദ്ദേഹം പ്രതികരിച്ചു. സംഭവസ്ഥലം സന്ദർശിക്കാത്തതിൽ നേരത്തെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു.
നിലവിൽ ചെറിയ വാഹനങ്ങൾ മാത്രമേ കടന്നുപോകാൻ അനുവദിക്കുന്നുള്ളൂ. ഉച്ചകഴിഞ്ഞ് വിദഗ്ദ്ധ സംഘം പരിശോധന നടത്തും. ഭാരമേറിയ വാഹനങ്ങൾ കടന്നുപോകാൻ അനുവദിക്കുന്ന കാര്യത്തിൽ അതിനുശേഷം മാത്രമേ തീരുമാനമെടുക്കൂ എന്ന് കളക്ടർ വ്യക്തമാക്കി. കനത്ത മഴയിൽ വാഹന ഗതാഗതം അനുവദിക്കില്ലെന്നും മഴ ശമിച്ചാൽ മാത്രമേ ഒറ്റവരിയിൽ വാഹനങ്ങൾ കടന്നുപോകാൻ അനുവദിക്കൂ എന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
റോഡിന്‍റെ താമരശേരി, വയനാട് ഭാഗങ്ങളില്‍ ഇതിനായുള്ള ക്രമീകരണങ്ങള്‍ വരുത്താനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതുവഴി പോകുന്ന വാഹനങ്ങള്‍ ജാഗ്രതയോടെയും വേഗത കുറച്ചും സഞ്ചരിക്കണം. ഇതുവഴിയുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും വയനാട്ടിലേക്കും തിരിച്ചുമുള്ള ഭാരം കൂടിയ വാഹനങ്ങള്‍ കുറ്റ്യാടി, നാടുകാണി ചുരങ്ങളും കണ്ണൂര്‍ റോഡും ഉപയോഗപ്പെടുത്തണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
അതേസമയം, ആധുനിക ഉപകരണങ്ങള്‍ എത്തിച്ച് പരിശോധിക്കണമെന്നും സുരക്ഷ ഉറപ്പാക്കിയതിനു ശേഷം മാത്രമേ റോഡ് പൂര്‍ണഗതാഗതത്തിനായി തുറക്കുകയുള്ളൂ എന്ന് മന്ത്രി കെ. രാജന്‍ അറിയിച്ചു. ചുരത്തിലെ ഒമ്ബതാം വളവില്‍ അപകടസാധ്യത നിലനില്‍ക്കുന്നുണ്ട്. ബന്ധപ്പെട്ട അധികൃതര്‍ ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു.
നിലവില്‍ താമരശേരി ചുരം റോഡിലേക്ക് വീണ പാറക്കല്ലുകളും മണ്ണും പൂര്‍ണമായും നീക്കം ചെയ്തിട്ടുണ്ട്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അടര്‍ന്നുനില്‍ക്കുന്ന പാറകള്‍ ഇനിയും റോഡിലേക്ക് വീഴാന്‍ സാധ്യതയുണ്ട്. അതിനാല്‍ പ്രദേശത്ത് മുഴുവന്‍സമയ നിരീക്ഷണം ഏര്‍പ്പെടുത്തും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










