കൽപ്പറ്റ: കാപ്പി, നെല്ല്, കുരുമുളക്, വാഴ എന്നിവയ്ക്കുള്ള വളപ്രയോഗ സമയത്ത് കർഷകർക്ക് രാസവളക്ഷാമം നേരിടുന്നു.
കഴിഞ്ഞ മൂന്ന് മാസമായി വിപണിയിൽ രാസവളങ്ങളുടെ കടുത്ത ക്ഷാമം അനുഭവപ്പെടുന്നു. മിക്ക ഇനങ്ങളുടെയും വില 250 മുതൽ 300 രൂപ വരെ വർദ്ധിച്ചു.
വളപ്രയോഗ സീസൺ അടുക്കുന്നതോടെ, ഉയർന്ന വിലയ്ക്ക് പോലും വളം വാങ്ങാൻ കർഷകർ തയ്യാറാണ്. അപ്പോഴാണ് ക്ഷാമം ഉണ്ടാകുന്നത്. യൂറിയ, പൊട്ടാഷ്, അമോണിയ, ഡിഎപി (ഡയമോണിയം ഫോസ്ഫേറ്റ്), കോംപ്ലക്സ് വളങ്ങളായ 16:16:16, 10:26:26, 15:15:15 തുടങ്ങിയവയ്ക്കും ക്ഷാമം അനുഭവപ്പെടുന്നുണ്ട്.
വളംനിർമാണത്തിനുള്ള അസംസ്കൃതവസ്തുക്കളുടെ ലഭ്യതക്കുറവാണ് വിലവർധനയിലേക്കും ക്ഷാമത്തിലേക്കും നയിച്ചതെന്നാണ് വ്യാപാരികള്‍ പറയുന്നത്. മുൻപ് 1450 രൂപയ്ക്ക് കിട്ടിയിരുന്ന 10:26:26 വളത്തിന് 1850 രൂപയായി ഉയർന്നു. കിലോയ്ക്ക് 1500 രൂപയ്ക്ക് കിട്ടിയിരുന്ന പൊട്ടാഷ് 1800 രൂപയായി. മറ്റുവളങ്ങളിലും ഇതേരീതിയില്‍ വിലവർധനയുണ്ട്. തുക ഉയർത്തിയതിനു പുറമെ വളം ഡിപ്പോകളില്‍ വളമെത്തിക്കുന്നതിനുള്ള ട്രാൻസ്പോർട്ട് ചാർജ് വളംകമ്ബനികള് നല്‍കാത്തതും വ്യാപാരികളെ വലയ്ക്കുന്നുണ്ട്. ഓരോ താലൂക്കിലും ഉണ്ടായിരുന്ന ഡിപ്പോകളില്‍ വളംകമ്ബനികള്തന്നെ നേരിട്ട് വളമെത്തിക്കണമെന്നാണ് മുൻനിശ്ചയം. പക്ഷേ, ഇപ്പോള്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലാണ് വളമിറക്കുന്നത്. അവിടെനിന്ന് വ്യാപാരികള്‍തന്നെ വളമെത്തിക്കണം. ഇത് വ്യാപാരികള്‍ക്കും ബാധ്യതയായി. കൂടാതെ സബ്സിഡിയുള്ള വളം ഇനങ്ങള്‍ക്കൊപ്പം അല്ലാത്ത കോമ്ബിനേഷൻ വളങ്ങളും വിറ്റഴിക്കാൻ വ്യാപാരികളില്‍ കമ്ബനികള്‍ സമ്മർദംചെലുത്തുന്നതായും പരാതിയുണ്ട്.
റേഷൻകടകളിലേതിന് സമാനമായി ആധാർകാർഡ് ഹാജരാക്കി വിരലടയാളം പതിപ്പിച്ചാണ് കർഷകർ വളം വാങ്ങുന്നത്. എന്നാല്‍, വളം വാങ്ങുന്നതിന് പരിധിയില്ല. കഴിഞ്ഞ ഒരുമാസമായാണ് കർഷകർക്ക് ആവശ്യത്തിന് വളംകിട്ടാത്ത സാഹചര്യം അനുഭവപ്പെടുന്നതെന്ന് കർഷകനും ഹരിതസേന ജില്ലാ പ്രസിഡന്റുമായ എം. സുരേന്ദ്രൻ പറഞ്ഞു. സാധാരണയായി കാപ്പിക്കും നെല്ലിനുമൊക്കെയാണെങ്കില്‍ ഒരേക്കറില്‍ 150 കിലോവരെ വളം ചെയ്യേണ്ടിവരും. വിലകൂടിയതോടെ കൃഷിച്ചെലവിലും വലിയ വ്യത്യാസമുണ്ടായി. കാലാവസ്ഥാവ്യതിയാനം കാരണം വലയുന്ന കർഷകർക്ക് വളംകിട്ടാത്തതും വിലക്കൂടുതലും അധികബാധ്യതകളാണ് വരുത്തുന്നതെന്നും എം. സുരേന്ദ്രൻ പറഞ്ഞു.
അതേസമയം മുൻവർഷങ്ങളിലെ ആവശ്യം കണക്കാക്കി അതിനനുസൃതമായി ജില്ലയ്ക്ക് അനുവദിച്ച അത്രയും അളവിലുള്ള വളം വയനാട്ടിലെത്തിയിരുന്നതായി കൃഷിവകുപ്പ് അധികൃതർ അറിയിച്ചു. പക്ഷേ, കഴിഞ്ഞവർഷം കാപ്പിക്ക് നല്ലവില കിട്ടിയതിനാലും ഇക്കുറിയും വിലകിട്ടാൻ സാധ്യതയുള്ളതിനാലും കർഷകർ ഇക്കുറി കൃഷി നന്നായി ശ്രദ്ധിക്കുകയും വളത്തിന്റെ ആവശ്യകത വിപണിയില്‍ കൂടുകയും ചെയ്തുവെന്നാണ് കൃഷിവകുപ്പിന്റെ അനുമാനം. കർഷകരെ പ്രതിസന്ധിയാക്കുന്നതരത്തില് ഇപ്പോള്‍ പ്രയാസമില്ലെന്നും അടുത്തദിവസം തന്നെ പുതിയ സ്റ്റോക്ക് വളമെത്തുമെന്നും കൃഷിവകുപ്പ് അധികൃതർ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










