കൊടിയത്തൂർ: നാട്ടിലിറങ്ങുന്ന കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നത് പതിവായതോടെ കർഷകർക്കാശ്വാസമായി കൊടിയത്തൂരില്‍ നായാട്ട് സംഘടിപ്പിച്ചു. എംപാനല്‍ ഷൂട്ടർമാർക്ക് കാട്ടുപന്നികളെ പിടികൂടാൻ സാധിക്കാത്ത പശ്ചാത്തലത്തിലാണ് അംഗീകൃത ഷൂട്ടർമാരുടെയും വേട്ടനായ്ക്കളുടെയും നേതൃത്വത്തില്‍ നായാട്ട് സംഘടിപ്പിച്ചത്.
കാട്ടു പന്നി ശല്യം ഏറ്റവും രൂക്ഷമായ 2,15, 16 വാർഡുകള്‍ കേന്ദ്രീകരിച്ചായിരുന്നു നായാട്ട്. 13 എംപാനല്‍ ഷൂട്ടർമാരുടേയും എട്ട് വേട്ടനായ്ക്കളുടേയും നേതൃത്വത്തില്‍ നടന്ന നായാട്ടില്‍ ഒന്പത് കാട്ടുപന്നികളെ വെടിവച്ചു കൊന്നു.
പഞ്ചായത്ത് പ്രസിഡന്‍റ് ദിവ്യ ഷിബു, വൈസ് പ്രസിഡന്‍റ് ഫസല്‍ കൊടിയത്തൂർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ആയിഷ ചേലപ്പുറത്ത്, വാർഡ് മെമ്ബർമാരായ വി. ഷംലൂലത്ത്, യുപി മമ്മദ്, കെ.ജി. സീനത്ത്, ഫാത്തിമ നാസർ തുടങ്ങിയവർ നേതൃത്വം നല്‍കി. മലയോര മേഖലയിലെ കാട്ടുപന്നി ശല്യം അതിരൂക്ഷമായ കൊടിയത്തൂരില്‍ നേരത്തെ നിരവധി തവണ നായാട്ട് നടക്കുകയും നിരവധി കാട്ടുപന്നികളെ പിടികൂടുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഒട്ടേറെ കർഷകരുടെ വാഴയും കപ്പയും ചേനയും തെങ്ങിൻ തൈകളും കാട്ടുപന്നികള്‍ നശിപ്പിച്ചിരുന്നു. ശല്യം രൂക്ഷമായതോടെ ഒട്ടേറെ കർഷകർ കൃഷി ഉപേക്ഷിക്കുകയും പല കർഷകരും കൃഷി ഉപേക്ഷിക്കാനുള്ള തീരുമാനത്തിലുമാണ്. പകല്‍ സമയത്ത് പോലും കൂട്ടമായെത്തുന്ന കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നത് നോക്കി നില്‍ക്കേണ്ട അവസ്ഥയാണെന്ന് കർഷകർ പറയുന്നു. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് കാട്ടുപന്നികളെ കൊന്നൊടുക്കാനായി നായാട്ട് സംഘടിപ്പിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










