തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിന് വാർഡുകളുടെ സംവരണക്രമം നിശ്ചയിക്കുന്ന നറുക്കെടുപ്പ് ഇന്നു മുതൽ. സംവരണ വാർഡുകൾ വ്യക്തമാകുന്നതോടെ രാഷ്ട്രീയപാർട്ടികൾ സ്ഥാനാർഥിനിർണയ നടപടികളിലേക്കു നീങ്ങും. 941 ഗ്രാമപ്പഞ്ചായത്തുകളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഇന്നു മുതൽ 16 വരെ നടക്കും. അതത് ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാനത്തിലാണ് ഗ്രാമപ്പഞ്ചായത്തുകളുടെ നറുക്കെടുപ്പ്.
കണ്ണൂരിലേത് കലക്ടറേറ്റ് ഓഡിറ്റോറിയത്തിലും മറ്റു ജില്ലകളിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിലും രാവിലെ 10ന് നറുക്കെടുപ്പ് ആരംഭിച്ചു . ഗ്രാമപ്പഞ്ചായത്തുകളിൽ വനിതകളുടെ മാത്രം സംവരണ വാർഡുകൾ 8852 ആണ്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽനിന്ന് വനിതകൾക്കായി സംവരണം ചെയ്തവ ഉൾപ്പെടെയുള്ള എണ്ണമാണിത്. 152 ബ്ലോക്ക് പഞ്ചായത്തുകളിലെ നറുക്കെടുപ്പ് 18നും 14 ജില്ലാ പഞ്ചായത്തുകളിലേത് 21നും കലക്ടറേറ്റുകളിൽ നടക്കും. 16നാണ് നഗരസഭാ വാർഡുകളുടെ നറുക്കെടുപ്പ്. കോർപറേഷനുകളിലേത് 17, 18, 21 തീയതികളിലായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ നടക്കും.
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ കലക്ടർമാർക്കും നഗരസഭകളിൽ തദ്ദേശവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർമാർക്കും കോർപറേഷനുകളിൽ തദ്ദേശവകുപ്പ് അർബൻ ഡയറക്ടർക്കുമാണു സംവരണം നിശ്ചയിക്കാനുള്ള അധികാരം. സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവർഗ സ്ത്രീ, പട്ടികജാതി, പട്ടികവർഗം എന്നീ വിഭാഗങ്ങൾക്കു സംവരണം ചെയ്ത എണ്ണവും സ്ഥാനവും ആവർത്തനക്രമമനുസരിച്ച് ഏത് വാർഡുകൾക്കാണ് നൽകേണ്ടതെന്ന് തീരുമാനിക്കാനാണു നറുക്കെടുപ്പ്. ചില നഗരസഭകളുടെയും കോർപറേഷനുകളുടെയും നറുക്കെടുപ്പ് സ്ഥലത്തിലും തീയതിയിലും ഭേദഗതി വരുത്തി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിറക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










