പത്തനംതിട്ട: രാഷ്ട്രപതിയുടെ ശബരിമല ദർശനത്തിന് മുന്നോടിയായി വൻ സുരക്ഷാക്രമീകരണം
രാഷ്ട്രപതി സന്നിധാനത്തെത്തുമ്പോൾ പതിനെട്ടാംപടിക്ക് മേലേയുള്ള മേലേതിരുമുറ്റത്ത് 10 പേരെമാത്രമേ അനുവദിക്കൂ. ഇതിൽ തന്ത്രി, മേൽശാന്തി, രണ്ട് പരികർമികൾ, ദേവസ്വം ബോർഡ് ഭാരവാഹികൾ, മൂന്ന് ജീവനക്കാർ എന്നിങ്ങനെയാണ് ഉണ്ടാവുക. 12.20 മുതൽ ഒരുമണിവരെയാണ് അയ്യപ്പനെ വണങ്ങാൻ രാഷ്ട്രപതി സോപാനത്തുണ്ടാവുക.
തിരുവനന്തപുരത്തുനിന്ന് 9.35-ന് ഹെലികോപ്റ്ററിൽ പുറപ്പെടുന്ന രാഷ്ട്രപതി 10.20-ന് നിലയ്ക്കലെ ഹെലിപ്പാഡിലെത്തും. അവിടെനിന്ന് കാറിൽ 11-ന് പമ്പയിലെത്തും. ഗണപതിക്ഷേത്രത്തിൽ കെട്ടുനിറച്ച് സന്നിധാനത്തേക്ക് പുറപ്പെടും. ഫോർവീൽ ഡ്രൈവ് ഗൂർഖ വാഹനത്തിൽ സ്വാമി അയ്യപ്പൻ റോഡിലൂടെയായിരിക്കും യാത്ര. ഈ റോഡിൽ നിശ്ചിതദൂരത്തിൽ സുരക്ഷാസേനയെ വിന്യസിക്കുന്നുണ്ട്. ഒരേപോലുള്ള ആറ് ഗൂർഖ വണ്ടികളിൽ ഒന്നിലായിരിക്കും രാഷ്ട്രപതി ഉണ്ടാവുക. ഇതിനകം നിരവധി ട്രയൽറണ്ണുകൾ നടന്നുകഴിഞ്ഞു.
ദർശനത്തിനുശേഷം 1.10-ന് പ്രധാന ഓഫീസ് കോംപ്ലക്സ് സ്ഥിതിചെയ്യുന്ന കെട്ടിടത്തിൽ പ്രത്യേകം സജ്ജമാക്കിയ മുറിയിൽ രാഷ്ട്രപതി വിശ്രമിക്കും.1500 പോലീസുകാരെയാണ് സുരക്ഷാഡ്യൂട്ടിക്കായി വിന്യസിക്കുക. 50 വയസ്സുകഴിഞ്ഞ വനിതാ പോലീസുകാരെയും സന്നിധാനത്ത് നിയോഗിച്ചിട്ടുണ്ട്. നിലയ്ക്കൽമുതൽ സന്നിധാനംവരെയാണ് കനത്ത സുരക്ഷ. എന്നാൽ, ശബരിമല വനത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ വഴികളിലും പോലീസിനെ നിയോഗിക്കുന്നുണ്ട്.. രാഷ്ട്രപതി എത്തുന്നതിന്റെ ഭാഗമായി ഹോട്ടലുകളിലുംമറ്റും പരിശോധനകളുണ്ടാകും.രാഷ്ട്രപതി വരുന്ന റൂട്ടിൽ പാർക്കിങ് അനുവദിക്കില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










