തിരുവനന്തപുരം: ശബരിമല സ്വർണ്ണ തട്ടിപ്പ് കേസിൽ മുൻ ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി. മുരാരി ബാബുവിനെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി 10 മണിയോടെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്തെ ഇഞ്ചക്കലിലുള്ള ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച റാന്നി കോടതിയിൽ മുരാരി ബാബുവിനെ ഹാജരാക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം. ശബരിമല സ്വർണ്ണ തട്ടിപ്പിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട ഒരു സുപ്രധാന അറസ്റ്റാണിത്. നേരത്തെ, സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.
ശ്രീകോവിലിനുമുന്നിലെ ദ്വാരപാലകശില്‍പങ്ങളിലെ സ്വര്‍ണം പതിച്ച പാളികള്‍ ചെമ്പാണെന്ന് തെറ്റായി രേഖപ്പെടുത്തിയത് അഡ്മിനിസട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവാണ്. ഇയാളെ നേരത്തേ തന്നെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു.
2019 ജൂണ്‍ 17-നാണ് ശ്രീകോവിലിന് ഇരുവശത്തുമുള്ള ദ്വാരപാലകശില്‍പങ്ങളില്‍ പതിപ്പിച്ചിരിക്കുന്നത് ചെമ്പുതകിടാണെന്ന് രേഖപ്പെടുത്തി മുരാരി ബാബു ശബരിമല എക്സിക്യുട്ടീവ് ഓഫീസര്‍ക്ക് നല്‍കിയത്. തുടര്‍ന്ന് സ്വര്‍ണംപൂശലിനായി ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ടുപോയി. 2024-ല്‍ ശബരിമല എക്സിക്യുട്ടീവ് ഓഫീസറായിരുന്നപ്പോഴും ദ്വാരപാലകശില്‍പങ്ങളിലെ അടുത്ത അറ്റകുറ്റപ്പണിക്കും പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നേരിട്ട് കൈമാറാനായിരുന്നു മുരാരി ബാബുവിന്റെ ശുപാര്‍ശ. എന്നാല്‍, ദേവസ്വം ബോര്‍ഡ് ഇത് തള്ളുകയും നേരിട്ട് ചെന്നൈയിലെത്തിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും സ്വര്‍ണം പൂശുന്നതിന് എത്തിക്കുന്നതും മുരാരി ബാബുവാണ്.
1998-ല്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ പാളികളാണ് സന്നിധാനത്തെ ദ്വാരപാലക ശില്‍പ്പങ്ങളിലും കട്ടിളപ്പടിയിലും തെക്ക്, വടക്ക് മൂലകളിലെ തൂണുകളിലും ഉള്ളതെന്ന് മുരാരി ബാബുവിന് അറിയാമായിരുന്നു. എന്നിട്ടും കത്തുകള്‍, റിപ്പോര്‍ട്ടുകള്‍, മഹസറുകള്‍ എന്നിവയില്‍ ചെമ്പുപാളി എന്ന് എഴുതുകയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










