തിരുവനന്തപുരം∙ ശബരിമലയിൽനിന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റി കടത്തിയ സ്വർണം കണ്ടെത്തിയതായി പ്രത്യേക അന്വേഷണ സംഘം. ഉണ്ണിക്കൃഷ്ണൻ പോറ്റി, വ്യാപാരിയായ ഗോവർധന് കൈമാറിയ സ്വർണമാണ് കർണാടകയിലെ ബെള്ളാരിയിൽനിന്ന് കണ്ടെത്തിയത്. ഗോവർധന്റെ ജ്വല്ലറിയിൽനിന്നാണ് പ്രത്യേക അന്വേഷണ സംഘം സ്വർണം കണ്ടെത്തിയതെന്നാണ് ഉദ്യോഗസ്ഥരിൽനിന്ന് ലഭിക്കുന്ന വിവരം. സ്വർണക്കട്ടികളാണ് കണ്ടെത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റി 476 ഗ്രാം സ്വർണം തനിക്കു നൽകിയെന്നാണ് ഗോവർധന്റെ മൊഴി. അതെ സമയം അത്രയും സ്വർണം കണ്ടെത്താനായോ എന്നു വ്യക്തമല്ല.
ശബരിമലയിൽനിന്നു കൊള്ളയടിച്ച സ്വർണം കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘം ഇന്നലെയാണ് ബെള്ളാരിയിലെത്തിയത്. ഉണ്ണിക്കൃഷ്ണൻ പോറ്റി വിൽപന നടത്തിയ സ്വർണം ബെള്ളാരിയിലെ സ്വർണ വ്യാപാരിയായ ഗോവർധന്റെ കയ്യിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ബെംഗളൂരുവിലും ബെള്ളാരിയിലുമായി തെളിവെടുപ്പു നടത്തുകയായിരുന്നു. സ്വർണം വിറ്റെന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റി എസ്പി ശശിധരനോടു സമ്മതിച്ചിരുന്നു. ഇതു വാങ്ങിയെന്നു ഗോവർധനും സമ്മതിച്ചതോടെയാണു തൊണ്ടിമുതൽ കണ്ടെടുക്കാൻ വഴിതെളിഞ്ഞത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










