തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ റിപ്പോർട്ടർ ടിവിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. റിപ്പോർട്ടർ ഉടമ ആന്റോ അഗസ്റ്റിൻ, കൺസൾട്ടിംഗ് എഡിറ്റർ അരുൺ കുമാർ, കോർഡിനേറ്റിംഗ് എഡിറ്റർ സ്മൃതി പരുത്തികാട്, ന്യൂസ് കോർഡിനേറ്റർ ജിമ്മി ജെയിംസ്, തിരുവനന്തപുരം ബ്യൂറോ ചീഫ് ടിവി പ്രസാദ് എന്നിവരുൾപ്പെടെ ഒമ്പത് പേർക്കെതിരെയാണ് കേസ്. ബിജെപി സംസ്ഥാന പ്രസിഡന്റ് കൂടിയായ രാജീവ് ചന്ദ്രശേഖറിന്റെ പേര് ദുരുപയോഗം ചെയ്ത് ചാനൽ തുടർച്ചയായി വ്യാജ വാർത്തകൾ സംപ്രേഷണം ചെയ്തതിന് മുംബൈ ആസ്ഥാനമായുള്ള നിയമ സ്ഥാപനമായ ആർഎച്ച്പി പാർട്ണേഴ്‌സ് വഴിയാണ് 100 കോടി രൂപയുടെ നോട്ടീസ് അയച്ചത്. ഏഴ് ദിവസത്തിനുള്ളിൽ വ്യാജ വാർത്ത പിൻവലിച്ച് മാപ്പ് പറയണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു.
നേരത്തെ, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെതിരെ ഒരു വിഭാഗം മാധ്യമങ്ങൾ ഉന്നയിച്ച വ്യവസായ ഭൂമി ക്രമക്കേട് ആരോപണം അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമെന്ന് ബിപിഎൽ വ്യക്തമാക്കിയിരുന്നു. 2003ൽ സുപ്രീം കോടതി തള്ളിയ ഭൂമി പതിച്ചുനൽകലിലെ ക്രമക്കേട് എന്ന ആരോപണമാണ് ഇപ്പോൾ ഉന്നയിക്കുന്നത്. ഈ ആരോപണങ്ങൾ അവാസ്തവവും നിയമപരമായി സാധുതയുമില്ലാത്തവയുമാണെന്ന് ബിപിഎൽ ലിമിറ്റഡ് വാർത്താക്കുറിപ്പിൽ അറിയിച്ചു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










