ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് കെ. മുരളീധരൻ കായംകുളം മണ്ഡലത്തിൽ മത്സരിക്കണമെന്നാവശ്യപ്പെട്ട് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ‘കോൺഗ്രസ് കൂട്ടായ്മ’യുടെ പേരിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. കേരളത്തിന്റെ മതേതര മുഖമാണ് കെ. മുരളീധരനെന്നും, കായംകുളത്തിൽ അദ്ദേഹത്തിന്റെ വിജയം സുനിശ്ചിതമാണെന്നുമാണ് പോസ്റ്ററിലെ ആവശ്യം.
2006 മുതൽ സിപിഐഎം വിജയിച്ചുവരുന്ന മണ്ഡലമാണ് കായംകുളം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസ് നേതാവ് അരിതാ ബാബുവാണ് ഇവിടെ കോൺഗ്രസിന്റെ സ്ഥാനാർഥിയായി മത്സരിച്ചത്.
കെ. മുരളീധരനെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട് തിരുവമ്പാടിയിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ‘കെ. മുരളീധരന് മലയോര മണ്ണിലേക്ക് സ്വാഗതം’ എന്നായിരുന്നു തിരുവമ്പാടിയിലെ പോസ്റ്റർ. മണ്ഡലം തിരിച്ചുപിടിക്കാൻ മതേതരത്വത്തിന്റെ കാവലാളായി കെ. മുരളീധരൻ വേണമെന്നും പോസ്റ്ററിൽ വ്യക്തമാക്കിയിരുന്നു.
തിരുവമ്പാടി മണ്ഡലം മുസ്ലിം ലീഗുമായി വെച്ചുമാറാനുള്ള നീക്കങ്ങൾ നടക്കുന്നതിനിടെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഗുരുവായൂർ, തിരുവമ്പാടി സീറ്റുകൾ വെച്ചുമാറുന്നത് പരിഗണനയിലുണ്ടെന്നും, ജയസാധ്യത കണക്കിലെടുത്ത് തീരുമാനമെടുക്കുമെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തുടർച്ചയായി പരാജയപ്പെട്ട ചില മണ്ഡലങ്ങളിൽ സീറ്റ് മാറ്റത്തിലൂടെ വിജയസാധ്യത പരീക്ഷിക്കാനാണ് കോൺഗ്രസും ലീഗും ആലോചിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










