കോഴിക്കോട്: എം. കെ. മുനീറിന്റെ വീട് ജപ്തി ചെയ്യപ്പെടില്ലെന്നും പാർട്ടി അദ്ദേഹത്തോടൊപ്പം ഉണ്ടാവെന്നും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നേതാക്കൾ അറിയിച്ചു. ജപ്തി ഒഴിവാക്കുന്നതിനായി നേതൃത്വം ഇടപെട്ടതായും വ്യക്തമാക്കി.ജപ്തിഭീഷണി സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതിനെ തുടർന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി. കെ. കുഞ്ഞാലിക്കുട്ടിയും മുനീറിനെ ഫോണിൽ ബന്ധപ്പെട്ടു വിവരങ്ങൾ അന്വേഷിച്ചു.ജപ്തിനോട്ടീസ് സാങ്കേതിക നടപടിക്രമം മാത്രമാണെന്നും അത് മുനീറിന്റെ മാത്രമല്ല, മുസ്ലിം ലീഗ് പ്രവർത്തകരുടേതായ വീടാണെന്നും കോഴിക്കോട് സൗത്തിലെ യു.ഡി.എഫ് സ്ഥാനാർഥിയും മുസ്ലിംലീഗ് ദേശീയ സെക്രട്ടറിയുമായ വി. കെ. ഫൈസൽ ബാബു പറഞ്ഞു. വീട് നഷ്ടമാകില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.
ലീഗ് ഉള്ള കാലത്തോളം മുനീർ ഒരിക്കലും അനാഥനാവില്ല എന്ന് മുസ്ലിംലീഗ് ദേശീയ സെക്രട്ടറിയായ സി. കെ. സുബൈർ ഫേസ്ബുക്കിൽ കുറിച്ചു. പ്രതിസന്ധികളെ വേഗത്തിൽ കൈകാര്യം ചെയ്യാനുള്ള നേതൃത്വത്തിന്റെ കഴിവ് കേരളീയ സമൂഹം ഇതിനകം കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.സി. എച്ച്. മുഹമ്മദ് കോയയുടെ വസതിയായിരുന്ന നടക്കാവിലെ ‘ക്രസന്റ് ഹൗസ്’ മുസ്ലിം ലീഗിന് വികാരാത്മകമായ പ്രാധാന്യമുള്ളതാണ്. പാർട്ടിയുടെ ആസ്ഥാനത്തെപ്പോലെ പ്രവർത്തിച്ചിരുന്ന ഈ വീടിനോട് പ്രവർത്തകർക്ക് പ്രത്യേക അടുപ്പമുണ്ട്.
കാലിക്കറ്റ് ടൗൺ സർവീസ് സഹകരണ ബാങ്കിൽ ഏകദേശം 58 ലക്ഷം രൂപയുടെ ബാധ്യതയാണ് മുനീറിനുള്ളത്. വീടിന്റെ നവീകരണത്തിനായി ഏകദേശം പത്ത് വർഷം മുൻപ് എടുത്ത വായ്പയാണ് ജപ്തി നടപടികളിലേക്ക് എത്തിയിരിക്കുന്നത്. ജാഫർഖാൻ കോളനിയിലെ സ്വന്തം വീട് കടബാധ്യത മൂലം വിറ്റശേഷമാണ് അദ്ദേഹം നടക്കാവിലെ വീട്ടിലേക്ക് മാറിയത്.അതേസമയം, ജപ്തി തന്റെ വ്യക്തിപരമായ വിഷയമാണെന്നും അത് പരിഹരിക്കേണ്ടത് താനാണെന്നും മുനീർ മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടിയെ ഇതിലേക്ക് വലിച്ചിഴയ്‌ക്കേണ്ട ആവശ്യമില്ലെന്നും, നേതാക്കൾ വിവരങ്ങൾ അന്വേഷിച്ചെങ്കിലും സഹായം അഭ്യർത്ഥിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.വീട് നവീകരിക്കാൻ എടുത്ത വായ്പയാണ്. പതുക്കെ അടയ്ക്കാമെന്ന ധാരണയുണ്ടായിരുന്നു. അത് സാധ്യമായില്ല. മറ്റൊരു വീട് വിറ്റതിന്റെ പണവും അടച്ചു. ബാങ്ക് പരമാവധി സമയം നീട്ടിതന്നിട്ടുണ്ട്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









