രാജ്യത്തെ വിവിധ നഗരങ്ങളിലെ ആഡംബര ഹോട്ടലുകളിൽ താമസിച്ച് ബിൽ അടയ്ക്കാതെ മുങ്ങിയിരുന്ന 69-കാരൻ ഒടുവിൽ പൊലീസ് പിടിയിലായി. തമിഴ്നാട്ടിലെ തൂത്തുക്കുടി സ്വദേശിയായ വിൻസെന്റ് ജോൺ ആണ് അറസ്റ്റിലായത്.
കഴിഞ്ഞ 30 വർഷത്തോളമായി നൂറുകണക്കിന് ഹോട്ടലുകളിൽ സമ്പന്നന്റെ വേഷത്തിലെത്തി താമസിക്കുകയും, ബിൽ അടയ്ക്കാതെ രക്ഷപ്പെടുകയും ചെയ്തിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. വിനോദസഞ്ചാരി, ഇംഗ്ലീഷ് അധ്യാപകൻ, യോഗ പരിശീലകൻ, ഇവന്റ് സംഘാടകൻ തുടങ്ങി വിവിധ വ്യാജ തിരിച്ചറിയലുകളിലായിരുന്നു ഇയാളുടെ സഞ്ചാരം.
ഡൽഹി, മഹാരാഷ്ട്ര, ഗോവ, കർണാടക, പശ്ചിമ ബംഗാൾ, തമിഴ്നാട്, കേരളം, തെലങ്കാന, ജാർഖണ്ഡ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലായി നിരവധി കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചില ഹോട്ടലുകളിൽ നിന്ന് വിലപിടിപ്പുള്ള സാധനങ്ങളും മോഷ്ടിച്ചതായി പരാതിയുണ്ട്. റായ്പൂരിലെ ഒരു ഹോട്ടലിൽ നിന്ന് ഏകദേശം 1.48 ലക്ഷം രൂപ വിലവരുന്ന ലാപ്ടോപ്പ് മോഷ്ടിച്ചതും കേസിലുണ്ട്.
ഒന്നിലധികം ബാഗുകളുമായി ഹോട്ടലിലെത്തുന്ന ഇയാൾ, മുറി വിട്ട് രക്ഷപ്പെടുമ്പോൾ ഒരു ബാഗ് അവിടെ ഉപേക്ഷിക്കുമായിരുന്നു. ബാഗിനുള്ളിൽ പഴയ കടലാസുകൾ നിറച്ചിരുന്നതിനാൽ, അതിഥി തിരികെ വരുമെന്ന ധാരണയിൽ ഹോട്ടൽ ജീവനക്കാർ ദിവസങ്ങളോളം കാത്തിരിക്കും. പിന്നീട് മാത്രമാണ് തട്ടിപ്പ് തിരിച്ചറിയുന്നത്.
ഏറ്റവും ഒടുവിൽ റായ്പൂരിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ നിന്നാണ് ഇയാൾ 63,775 രൂപയുടെ ബിൽ അടയ്ക്കാതെ രക്ഷപ്പെട്ടത്. സിസിടിവി ദൃശ്യങ്ങളും അന്വേഷണവും അടിസ്ഥാനമാക്കി ബിലാസ്പൂരിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ പൊലീസ് ഇയാളെ പിടികൂടി. ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത വിദേശമദ്യവും സിഗരറ്റും പുറത്തുവിൽക്കാറുണ്ടായിരുന്നെന്നും അന്വേഷണത്തിൽ വ്യക്തമായി.മുമ്പും നിരവധി തവണ അറസ്റ്റിലായിരുന്ന ഇയാൾ, ജയിലിൽ കഴിയുന്നതിനിടെ കുപ്രസിദ്ധ കുറ്റവാളി ചാൾസ് ശോഭരജിൻറെ തട്ടിപ്പ് രീതികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ രീതിയിലേക്ക് മാറിയതെന്ന് പൊലീസിനോട് മൊഴി നൽകിയതായും റിപ്പോർട്ടുണ്ട്.ഹോട്ടലുകളുടെ സൽപ്പേരിന് ദോഷമുണ്ടാകുമെന്ന ഭയത്തിൽ പല തട്ടിപ്പുകളും പൊലീസ് പരാതിയാകാതെ പോകുന്നതാണ് ഇത്തരം കുറ്റവാളികൾക്ക് വർഷങ്ങളോളം രക്ഷപ്പെടാൻ അവസരമായതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









