ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന നടപടിയുമായി കേന്ദ്രം.പരീക്ഷാ ചോദ്യപേപ്പർ ചോർത്തുന്ന സംഘടിത മാഫിയകള്‍ക്കെതിരെ അന്വേഷണവും വിചാരണയും പൂർത്തിയാക്കാൻ മൂന്ന് മാസത്തെ സമയപരിധി, പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികള്‍ക്കുള്ള നിയമസാധുത, 10 വർഷം വരെ തടവും 10 കോടി രൂപ വരെ പിഴയും ഉള്‍പ്പെടെയുള്ള കടുത്ത ശിക്ഷാനടപടികള്‍ എന്നവ കൊണ്ടുവരാൻ നരേന്ദ്ര മോദി സർക്കാർ ഒരുങ്ങുന്നതായി ഉന്നത വൃത്തങ്ങള്‍ സി.എൻ.എൻ-ന്യൂസ്18 നോട് പറഞ്ഞു.വിവിധ സംസ്ഥാനങ്ങളില്‍ പ്രവർത്തിക്കുന്ന ചോദ്യപേപ്പർ ചോർച്ച മാഫിയകളെ പൂർണ്ണമായും അടിച്ചമർത്തുന്നതിനും പൊതുപരീക്ഷാ തട്ടിപ്പുകളില്‍ വേഗത്തില്‍ നീതി ഉറപ്പാക്കുന്നതിനുമാണ് പുതിയ വ്യവസ്ഥകള്‍ ലക്ഷ്യമിടുന്നത്. നിയമാനുസൃതമായ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കുക എന്നതാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട നിർദ്ദേശം. ഇത്തരം കേസുകളില്‍ നീണ്ടുനില്‍ക്കുന്ന നിയമനടപടികള്‍ക്ക് പകരമായി, മൂന്ന് മാസത്തിനകം അന്വേഷണവും വിചാരണയും പൂർത്തിയാക്കി വിധി പ്രസ്താവിക്കാൻ ഈ കോടതികള്‍ക്ക് നിർബന്ധിത ബാധ്യതയുണ്ടായിരിക്കും.വെള്ളിയാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ ഈ നിർദ്ദേശങ്ങള്‍ പരിഗണനയ്ക്ക് വന്നതായാണ് വിവരം. നീറ്റ് പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെ പരീക്ഷാ ചോദ്യപേപ്പർ ചോർച്ച വിഷയത്തില്‍ രാജ്യവ്യാപകമായി ഉയർന്ന ആശങ്കകളെ തുടർന്നാണ് ഈ നീക്കം. വിദ്യാർത്ഥികളുടെ പ്രതിഷേധത്തിനും പ്രതിപക്ഷത്തിന്റെ കടുത്ത വിമർശനത്തിനും ഇത് വഴിതെളിച്ചിരുന്നു.മത്സരപ്പരീക്ഷകളിലെ നിയമലംഘനങ്ങള്‍ തടയുന്നതിനായി മോദി സർക്കാർ 2024 ജൂണില്‍ നിലവില്‍ വരുത്തിയ പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അണ്‍ഫെയർ മീൻസ്) ആക്ട് കൂടുതല്‍ ശക്തമാക്കാൻ ഈ ഭേദഗതികള്‍ സഹായിക്കും. ചോദ്യപേപ്പർ ചോർച്ച, സംഘടിത കോപ്പിയടി, ആള്‍മാറാട്ടം, നീറ്റ്, ജെ.ഇ.ഇ തുടങ്ങിയ പരീക്ഷകളുടെ കമ്പ്യൂട്ടർ സംവിധാനങ്ങളില്‍ കൃത്രിമം കാണിക്കല്‍ എന്നിവ നിലവിലെ നിയമപ്രകാരം കുറ്റകരമാണ്.നിലവില്‍, ഈ നിയമപ്രകാരം കുറ്റക്കാരാകുന്ന വ്യക്തികള്‍ക്ക് 3 മുതല്‍ 5 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ. എന്നാല്‍ സംഘടിത റാക്കറ്റുകള്‍ക്ക് 5 മുതല്‍ 10 വർഷം വരെ തടവും കുറഞ്ഞത് 1 കോടി രൂപ പിഴയുമാണുള്ളത്. പുതിയ ഭേദഗതികള്‍ വഴി നിയമപാലനം കൂടുതല്‍ ശക്തമാക്കാനും കൃത്യമായ സമയപരിധിക്കുള്ളില്‍ വിചാരണ പൂർത്തിയാക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.വിവിധ സംസ്ഥാനങ്ങളില്‍ കണ്ണികളുള്ള സംഘടിത ശൃംഖലകളെ തകർക്കാനും ശിക്ഷാനടപടികള്‍ വൈകുന്നത് ഒഴിവാക്കാനും ശക്തമായ ഒരു നിയമനിർമ്മാണമാണ് കേന്ദ്രം ആഗ്രഹിക്കുന്നത്. പരീക്ഷാ തട്ടിപ്പുകളില്‍ ഉള്‍പ്പെടുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും വേഗത്തില്‍ നീതി ഉറപ്പാക്കണമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിന്റെ തുടർച്ചയാണ് ഈ പുതിയ നടപടികള്‍.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










