മഴക്കാലത്ത് വാഹനം ഓടിക്കുമ്പോള്‍ മിക്ക ഡ്രൈവർമാരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് കാറിന്റെ വിൻഡ്‌ഷീല്‍ഡിലും പിൻവശത്തെ ഗ്ലാസുകളിലും മൂടല്‍മഞ്ഞ് രൂപപ്പെടുന്നത്.
കാറിനുള്ളിലെ തണുത്ത വായുവും പുറത്തുള്ള ചൂടും ഈർപ്പവും കലർന്ന വായുവും തമ്മിലുള്ള താപനില വ്യത്യാസമാണ് ഇത്തരത്തില്‍ ഗ്ലാസില്‍ ഈർപ്പം അടിഞ്ഞുകൂടാൻ കാരണം. റോഡിലെ കാഴ്ച തടസ്സപ്പെടുത്തി വലിയ അപകടസാധ്യത ഉണ്ടാക്കുന്ന ഈ പ്രശ്നത്തിന് പരിഹാരമായി മിക്ക ആധുനിക കാറുകളിലും ഡി-ഫോഗർ അല്ലെങ്കില്‍ ഡിഫ്രോസ്റ്റർ സംവിധാനം നല്‍കിയിട്ടുണ്ട്.
ഗ്ലാസ് മങ്ങുന്ന സമയത്ത് കാറിലെ ഡി-ഫോഗർ ഓണാക്കിയാല്‍, അത് വിൻഡ്‌ഷീല്‍ഡിലേക്ക് ചൂടുള്ള വായു പമ്പ് ചെയ്യുകയും ഗ്ലാസിലെ ഈർപ്പം വേഗത്തില്‍ ബാഷ്പീകരിച്ച് നീക്കം ചെയ്യുകയും ചെയ്യുന്നു. കൂടാതെ, പല കാറുകളുടെയും പിൻവശത്തെ ഗ്ലാസില്‍ കാണുന്ന നേർത്ത വരകള്‍ കേവലം അലങ്കാരമല്ല, മറിച്ച് റിയർ ഡി-ഫോഗറിന്റെ ഭാഗമായ ഹീറ്റിംഗ് എലമെന്റുകളാണ്. ഡി-ഫോഗർ പ്രവർത്തിക്കുമ്പോള്‍ ഈ വരകള്‍ ചൂടായി പിൻവശത്തെ ഗ്ലാസിലെ മൂടല്‍മഞ്ഞ് മാറ്റി പിന്നിലേക്കുള്ള കാഴ്ച പൂർണ്ണമായും വ്യക്തമാക്കുന്നു.
നിങ്ങളുടെ വാഹനത്തില്‍ ഡി-ഫോഗർ സൗകര്യമില്ലെങ്കില്‍ ചില ലളിതമായ മാർഗ്ഗങ്ങളിലൂടെ ഈ പ്രശ്നം പരിഹരിക്കാം. ഇതിനായി എസിയുടെ താപനില അല്‍പം ഉയർത്തുകയോ, എസിയിലെ ‘ഫ്രഷ് എയർ മോഡ്’ ഓണാക്കുകയോ ചെയ്യാം. ആവശ്യമെങ്കില്‍ കാറിന്റെ ജനല്‍ ചെറുതായി തുറന്നിടുന്നതും കാറിനകത്തെയും പുറത്തെയും താപനില തുല്യമാക്കാനും ഗ്ലാസിലെ മങ്ങല്‍ മാറ്റാനും സഹായിക്കും. മഴക്കാലത്ത് വാഹനമോടിക്കുമ്പോള്‍ സുരക്ഷിതമായ ഡ്രൈവിംഗിന് ഇത്തരം ചെറിയ മുൻകരുതലുകള്‍ ഏറെ സഹായകരമാണ്.
മഴക്കാല യാത്രകള്‍ക്ക് മുൻപായി എല്ലാ ഗ്ലാസുകളും കൃത്യമായി വൃത്തിയാക്കിയിട്ടുണ്ടെന്നും ഡി-ഫോഗർ ശരിയായി പ്രവർത്തിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം. എസി അമിതമായി തണുപ്പിക്കാതെ ആവശ്യാനുസരണം നിയന്ത്രിക്കുന്നതാണ് ബുദ്ധി. യാത്രയ്ക്കിടെ പെട്ടെന്ന് ഗ്ലാസ് മങ്ങുകയാണെങ്കില്‍ വാഹനം സുരക്ഷിതമായി നിർത്തി, കാഴ്ച പൂർണ്ണമായും വ്യക്തമായതിന് ശേഷം മാത്രം മുന്നോട്ട് പോകാൻ ശ്രദ്ധിക്കുക. കാരണം, പ്രതികൂല കാലാവസ്ഥയില്‍ സുരക്ഷിതമായ ഡ്രൈവിംഗിന് ഏറ്റവും പ്രധാനം വ്യക്തമായ ദൃശ്യപരതയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








