ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ആസൂത്രിതമായി മോഷ്ടിച്ച് മണ്ണഞ്ചേരിയിലെത്തിച്ച് പൊളിച്ച് മാറ്റി ഭാഗങ്ങളാക്കിവില്‍പ്പന നടത്തുന്ന സംഘത്തെ പോലീസ് പിടികൂടി.
ആക്ടീവ് മോഷണ സംഘങ്ങളെ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ ഊര്‍ജ്ജിതമായ അന്വേഷണത്തിലാണ് ഈ തട്ടിപ്പ് സംഘത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. മണ്ണഞ്ചേരിയില്‍ സെക്കന്‍ഡ് ഹാന്‍ഡ് വാഹനാവശ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ‘മായാ ബസാര്‍’ എന്ന സ്ഥാപനം കേന്ദ്രീകരിച്ചായിരുന്നു ഈ മോഷണ ശൃംഖലയുടെ തട്ടിപ്പുകള്‍ മുഴുവന്‍ നടന്നിരുന്നത്. മണ്ണഞ്ചേരി പൊലീസും ആലപ്പുഴ സൗത്ത് പൊലീസും സംയുക്തമായി മായാ ബസാറില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
പരിശോധനയ്ക്കിടെ സ്ഥാപന ഉടമയുടെ മകനടക്കം മൂന്നുപേരെ പോലീസ് സംഘം സംഭവസ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്തു. എന്നാല്‍ പോലീസിന്റെ വരവറിഞ്ഞ സ്ഥാപന ഉടമയായ അമീര്‍ തന്ത്രപൂര്‍വ്വം ഒളിവിലും പോവുകയായിരുന്നു. സ്ഥാപന ഉടമയുടെ മകന്‍ അല്‍ഫാസ്, പാതിരപ്പള്ളി പുന്നയ്ക്കല്‍ സ്വദേശിയായ ബിനു, വട്ടയാല്‍ ഇല്ലിയ്ക്കല്‍ പുരയിടത്തില്‍ താമസിക്കുന്ന അബ്ദുള്‍ സലാം എന്നിവരാണ് പോലീസിന്റെ പിടിയിലായ മറ്റു പ്രതികള്‍. ഒളിവിലുള്ള അമീറിനായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
ആലപ്പുഴ കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നും കഴിഞ്ഞ ദിവസം കാണാതായ ഒരു സ്‌കൂട്ടറിനെക്കുറിച്ച് ലഭിച്ച പരാതിയാണ് പ്രതികളിലേക്ക് പോലീസിനെ എത്തിച്ചത്. കാണാതായ വാഹനത്തെ കേന്ദ്രീകരിച്ച് ചുറ്റുമുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസുകാര്‍ സൂക്ഷ്മമായി പരിശോധിച്ചിരുന്നു. അന്വേഷണത്തിനൊടുവില്‍ മണ്ണഞ്ചേരിയിലെ മായാ ബസാറില്‍ പോലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് മോഷണം പോയ സ്‌കൂട്ടറിന്റെ വിവിധ ഭാഗങ്ങള്‍ കണ്ടെടുത്തത്. ഇതോടെ മോഷണത്തിന് പിന്നിലെ പ്രധാന കണ്ണികളെ വെളിച്ചത്തുകൊണ്ടരാന്‍ പോലീസിന് സാധിച്ചു.
മോഷ്ടിക്കപ്പെട്ട വാഹനമാണെന്ന് വ്യക്തമായി അറിഞ്ഞുകൊണ്ടുതന്നെയാണ് ഉടമയായ അമീര്‍ ഇവ നിസ്സാര തുക നല്‍കി വാങ്ങിയിരുന്നതെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. സെക്കന്‍ഡ് ഹാന്‍ഡ് സ്‌പെയര്‍ പാര്‍ട്‌സുകള്‍ വില്‍ക്കുന്ന കടയെന്ന വ്യാജേന മായാ ബസാറിന്റെ മറവിലായിരുന്നു തട്ടിപ്പ് തുടര്‍ന്നത്. വാഹനങ്ങള്‍ എത്തിച്ചാല്‍ ഒട്ടും സമയം കളയാതെ മിനിറ്റുകള്‍ക്കുള്ളില്‍ അവ പൊളിച്ചുമാറ്റാന്‍ ഇതരസംസ്ഥാന തൊഴിലാളികളെയാണ് ഇവര്‍ ഇതിനായി ഉപയോഗിച്ചിരുന്നത്. വാഹനം പൊളിച്ചു കഴിഞ്ഞാല്‍ അവ തിരിച്ചറിയാന്‍ കഴിയാത്ത വിധം ഭാഗങ്ങളാക്കി വില്‍ക്കുകയായിരുന്നു ഇവരുടെ രീതി.
ആലപ്പുഴ നഗരത്തില്‍ നിന്നും അടുത്തകാലത്തായി കാണാതായ എല്ലാ വാഹനങ്ങളുടെയും പട്ടിക ശേഖരിച്ച് ഈ സ്ഥാപനത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് സൗത്ത് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വി. എസ്. വിനീഷ് മാധ്യമങ്ങളെ അറിയിച്ചു. മറ്റു പല മോഷണ കേസുകളിലും ഈ സംഘത്തിന് പങ്കുണ്ടോയെന്നും സമാനമായ രീതിയില്‍ കൂടുതല്‍ വാഹനങ്ങള്‍ ഇവര്‍ പൊളിച്ചു മാറ്റി വിറ്റഴിച്ചിട്ടുണ്ടോ എന്നും പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.നേരത്തെ നടന്നിട്ടുള്ള സമാന മോഷണ സംഭവങ്ങളിലെ പ്രതികളുമായി ഇവര്‍ക്ക് ബന്ധമുണ്ടോ എന്ന കാര്യവും പരിശോധിച്ചു വരുന്നു. മോഷണ ശൃംഖലയിലെ മറ്റു പ്രമുഖ കണ്ണികളെക്കുറിച്ചുള്ള വിവരങ്ങളും ഉടന്‍ തന്നെ ലഭ്യമാകുമെന്നാണ് പോലീസ് കരുതുന്നത്. വിജയകരമായ ഈ പോലീസ് സംഘത്തില്‍ സൗത്ത് ഇന്‍സ്‌പെക്ടര്‍ വി. എസ്. വിനീഷ്, പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്‌പെക്ടര്‍ അനന്തകൃഷ്ണന്‍, സബ് ഇന്‍സ്‌പെക്ടര്‍ റിചാര്‍ഡ് ജെയിംസ്, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ രതീഷ് ബാബു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിജു വി. ജി, സിവില്‍ പോലീസ് ഓഫീസര്‍മാരായ അരുണ്‍ ജി, ഡെവിന്‍ ചന്ദ്, നിഗില്‍ എന്നിവരാണുണ്ടായിരുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







