തിരുവനന്തപുരം: മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിന്റെ ഭാഗമായി ടൗണ്‍ഷിപ്പിലേക്ക് മാറി താമസിക്കുന്ന ഗുണഭോക്താക്കള്‍ക്ക് ഉപജീവന മാർഗം ഒരുക്കുന്നതിന് കുടുംബശ്രീക്ക് 90,16,600 രൂപ അനുവദിച്ച് സർക്കാർ.മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട ഉപജീവന പദ്ധതികള്‍ നടപ്പാക്കുന്നതിനാണ് ഈ തുക വിനിയോഗിക്കുക. സർക്കാർ പുറത്തിറക്കിയ ഉത്തരവില്‍ ഈ തുക കുടുംബശ്രീക്ക് നല്കാൻ ജില്ലാ കളക്ടർക്ക് അനുമതി നല്‍കിയിട്ടുണ്ട്.
ടൗണ്‍ഷിപ്പിലേക്ക് മാറി താമസിക്കുന്ന ഗുണഭോക്താക്കള്‍ക്ക് മൃഗസംരക്ഷണ പദ്ധതികള്‍ നടപ്പാക്കാൻ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണ് മൃഗസംരക്ഷണ വകുപ്പിന് അനുവദിച്ച 90,16,600 രൂപ കുടുംബശ്രീക്ക് കൈമാറുന്നത്.
മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തെ തുടർന്ന് ദുരന്തബാധിതർക്കായി തയ്യാറാക്കിയ മൈക്രോ പ്ലാൻ പ്രകാരം ദുരന്തബാധിത കുടുംബങ്ങള്‍ക്ക് തിരിച്ചടവില്ലാത്ത രണ്ടു ലക്ഷം രൂപ വീതം ഉപജീവന സഹായമായി നല്‍കുന്നതിന് ആകെ 5,11,46,850 രൂപ അനുവദിക്കണമെന്ന് വയനാട് ജില്ലാ കളക്ടർ ശുപാർശ ചെയ്തിരുന്നു. ഇതില്‍ മൃഗസംരക്ഷണ മേഖലയിലെ പദ്ധതികള്‍ക്കായി അനുവദിച്ച 90,16,600 രൂപയാണ് ഇപ്പോള്‍ കുടുംബശ്രീക്ക് കൈമാറുന്നത്.
ടൗണ്‍ഷിപ്പിലേക്ക് മാറുന്ന കുടുംബങ്ങളുടെ നിലവിലെ സാഹചര്യവും ഉപജീവന ആവശ്യങ്ങളും പരിഗണിച്ചാണ് മൃഗസംരക്ഷണ മേഖലയിലെ ഉപജീവന പദ്ധതികള്‍ കുടുംബശ്രീ മുഖേന നടപ്പാക്കുന്നത്. ഗുണഭോക്താക്കള്‍ക്ക് അനുയോജ്യമായ ഉപജീവന മാർഗങ്ങള്‍ ഒരുക്കുന്നതിനും സുസ്ഥിര വരുമാന സാധ്യത ഉറപ്പാക്കുന്നതിനുമാണ് തുക വിനിയോഗിക്കുക. ദുരന്തബാധിതരുടെ പുനരധിവാസം താമസസൗകര്യത്തില്‍ മാത്രം ഒതുങ്ങാതെ ഉപജീവനവും വരുമാനസുരക്ഷയും കൂടി ഉറപ്പാക്കുന്ന തരത്തില്‍ സമഗ്രമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








