സ്വാതന്ത്ര്യദിന പരേഡിന്റെ കമാൻഡറായി മുഖ്യമന്ത്രിക്ക് സല്യൂട്ട് നല്കുമ്പോള് എ.എസ്.പി ഡോ. ഒ. അപർണ സ്വപ്നം യാഥാർത്ഥ്യമായതിന്റെ ആവേശത്തിലായിരുന്നു.ഒപ്പം അച്ഛന് മനസുകൊണ്ട് നന്ദി പറഞ്ഞു. പിതാവ് അനില്‍കുമാർ എസ്.ഐ ആയിരുന്നു. അച്ഛനോടുള്ള ഇഷ്ടം കുട്ടിക്കാലം മുതല്‍ കാക്കിയോടും തോന്നി.
പാലക്കാട് ഗവ. മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ് പഠനം കഴിഞ്ഞപ്പോള്‍ പി.ജി ചെയ്യാൻ എല്ലാവരും നിർബന്ധിച്ചു. പക്ഷേ, മനസുവന്നില്ല. പൊലീസ് യൂണിഫോം മാത്രമായിരുന്നു മനസില്‍. ആദ്യശ്രമത്തില്‍ തന്നെ 475-ാം റാങ്കോടെ ഐ.പി.എസ്. മലപ്പുറത്തുനിന്നുള്ള ആദ്യ ഐ.പി.എസുകാരിയെന്ന ബഹുമതിയും.
മലപ്പുറം മുണ്ടുപറമ്പ് കാവുങ്ങല്‍ ബൈപ്പാസില്‍ പാർവണം ഹൗസില്‍ അപർണ 2020ലാണ് ഡോക്ടറായത്. കൊവിഡ് കാലത്ത് ഡോക്ടറായി നിരവധി ജീവനുകള്‍ രക്ഷിച്ച് ജനകീയ ഡോക്ടറെന്ന് പേരെടുത്ത അപർണ, പിന്നീടാണ് ഓണ്‍ലൈനായി സിവില്‍സർവീസിന് പരിശീലിച്ചത്. ദിവസേന എട്ടുമണിക്കൂർ പഠനം. പത്രവായനയ്ക്കും സിനിമ കാണാനും ബന്ധുവീടുകളില്‍ പോവാനുമെല്ലാം സമയം കണ്ടെത്തിയിരുന്നു. കാസർകോട് ബേക്കലിലും പുനലൂരിലും സേവനത്തിനുശേഷം പുത്തൻകുരിശില്‍ എ.എസ്.പിയാണിപ്പോള്‍. ഉടൻതന്നെ എസ്.പിയായി സ്ഥാനക്കയറ്റം ലഭിക്കും. സിവില്‍സർവീസ് പരിശീലനകാലത്ത് ജമ്മുകാശ്മീരില്‍ സൈനികർക്കൊപ്പവും പരിശീലനം നടത്തിയിട്ടുണ്ട്. അമ്മ കെ.ഷീബ അദ്ധ്യാപികയാണ്. സഹോദരി മാളവിക.
സ്വന്തം കാലില്‍ നില്‍ക്കുന്നത് യഥാർത്ഥ സ്വാതന്ത്ര്യം
വനിതകള്‍ സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശേഷി നേടുന്നതാണ് യഥാർത്ഥ സ്വാതന്ത്ര്യമെന്ന് അപർണ പറയുന്നു. വിദ്യാഭ്യാസവും ജോലിയും ഉണ്ടെങ്കില്‍ സ്ത്രീകള്‍ക്ക് ആരുടെ മുന്നിലും തലകുനിക്കേണ്ടി വരില്ല. പഠനം പാതിവഴിയില്‍ നിറുത്തിയുള്ള വിവാഹജീവിതം വേണോയെന്ന് രക്ഷിതാക്കളും ചിന്തിക്കണം. ജോലി കിട്ടിയിട്ടുമതി വിവാഹമെന്ന രീതിയിലേക്കു മാറണം. പരിശ്രമിച്ചാല്‍ ഏതു മേഖലയിലും വിജയിക്കാം. സിവില്‍സർവീസും ബാലികേറാമലയല്ല. അഞ്ചാംക്ലാസ് മുതലേ പരിശീലിക്കേണ്ട ആവശ്യമൊന്നുമില്ല.
സംസ്ഥാന പരേഡ് നയിക്കുന്നത് ആദ്യമായാണ്. കാസർകോട് ജില്ലാ റിപ്പബ്ലിക് ദിന പരേഡ് നയിച്ചിട്ടുണ്ട്. നല്ല അനുഭവമായിരുന്നു. ഏറെ അഭിമാനമുണ്ടെന്നുംഡോ. ഒ.അപർണ എ.എസ്.പി പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







