തിരുവനന്തപുരം: മാർത്താണ്ഡത്തെ സ്വകാര്യ നഴ്സിങ് കോളേജ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യാശ്രമം നടത്തിയ മലയാളി വിദ്യാർഥിനി മരിച്ചു.രുവനന്തപുരം: മാർത്താണ്ഡത്തെ സ്വകാര്യ നഴ്സിങ് കോളേജ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യാശ്രമം നടത്തിയ മലയാളി വിദ്യാർഥിനി മരിച്ചു.
നെയ്യാറ്റിൻകര കത്തിപ്പാറ സ്വദേശിനിയായ അൻസിജി (21) ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. കന്യാകുമാരി ജില്ലയിലെ കരുങ്കലില്‍ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലെ നഴ്സിങ് മൂന്നാം വർഷ വിദ്യാർഥിനിയായിരുന്നു ഇവർ. കോളേജിലെ അധ്യാപകരില്‍ നിന്നും മാനേജ്മെന്റില്‍ നിന്നുമുണ്ടായ രൂക്ഷമായ മാനസിക പീഡനമാണ് അൻസിജിയെ ഈ ജീവനൊടുക്കലിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ പ്രധാന ആരോപണം.
നേരത്തെ കോളേജ് ഹോസ്റ്റലില്‍ താമസിച്ചിരുന്ന അൻസിജി ഉള്‍പ്പെടെയുള്ള വിദ്യാർഥികള്‍ മോശം ഭക്ഷണത്തിനെതിരെ സമരം നടത്തിയിരുന്നു. ഇതേത്തുടർന്ന് സമരം ചെയ്ത വിദ്യാർഥികളെ കോളേജ് ഹോസ്റ്റലില്‍ നിന്ന് അധികൃതർ പുറത്താക്കി. ഇതിനുശേഷം പുറത്തെ സ്വകാര്യ ഹോസ്റ്റലില്‍ തങ്ങി പഠിച്ചുവന്ന വിദ്യാർഥികളെ അധ്യാപകരും മാനേജ്മെന്റും നിരന്തരം വേട്ടയാടുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ കരുങ്കല്‍ പോലീസില്‍ നല്കിയ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
കഴിഞ്ഞദിവസമാണ് കോളേജ് കെട്ടിടത്തിന് മുകളില്‍ നിന്ന് അൻസിജി താഴേക്ക് ചാടിയത്. കൈകാലുകള്‍ക്കും ശരീരഭാഗങ്ങള്‍ക്കും ഗുരുതരമായി ഒടിവുകളും പരിക്കുകളുമേറ്റ നിലയില്‍ കണ്ടെത്തിയ വിദ്യാർഥിനിയെ ഉടൻ തന്നെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. നിലവില്‍ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം, കുട്ടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന വാദവുമായി കോളേജ് അധികൃതർ രംഗത്തെത്തി. വിദ്യാർഥിനി കോളേജില്‍ വിലക്ക് ലംഘിച്ച് മൊബൈല്‍ ഫോണുമായി എത്തിയത് പരിശോധിക്കുക മാത്രമാണ് ചെയ്തതെന്നും, തങ്ങള്‍ക്കെതിരെ ഉയർന്നിട്ടുള്ള മറ്റു ആരോപണങ്ങളും പരാതികളും തികച്ചും അടിസ്ഥാനരഹിതമാണെന്നുമാണ് കോളേജ് മാനേജ്മെന്റിന്റെ വിശദീകരണം.
പെണ്‍കുട്ടിയുടെ ദുരൂഹ മരണത്തില്‍ കോളേജ് പ്രിൻസിപ്പലിനും മാനേജ്മെന്റിനുമെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പോലീസിനെ സമീപിച്ചിട്ടുണ്ട്. രക്ഷിതാക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കരുങ്കല്‍ പോലീസ് കേസെടുക്കുകയും സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







