രാജ്യത്തുടനീളമുള്ളവർ ട്രെയിൻ യാത്രയെ ആശ്രയിക്കാറുണ്ട്. താരതമ്യേന ചെലവ് കുറഞ്ഞതും റോഡ് യാത്രയെ അപേക്ഷിച്ച് സമയം കുറച്ച് മതിയെന്നതുമാണ് ട്രെയിനിനെ ജനപ്രിയമാക്കുന്നത്.മാത്രമല്ല, ദീർഘദൂര യാത്ര പോകുന്നവർക്ക് മറ്റെല്ലാം മാർഗങ്ങളെക്കാളും സുരക്ഷിതവും സുഖപ്രദവും ഇതാണ്. പലരും ട്രെയിൻ യാത്രയ്ക്കിടെ ഭക്ഷണവും വെള്ളവുമെല്ലാം വാങ്ങി കഴിക്കാറുണ്ട്. ഇത്തരക്കാരെ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.
പരിശോധന
അംഗീകൃതമല്ലാത്ത ഭക്ഷണപാനീയ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന തടയുന്നതിനും യാത്രക്കാർക്ക് സുരക്ഷിതവും കൂടുതല്‍ ശുചിത്വവുമുള്ള സേവനങ്ങള്‍ ഉറപ്പാക്കുന്നതിനുമായി റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ഐആർസിടിസി പരിശോധന ശക്തമാക്കിയിരുന്നു. ഇന്ത്യൻ റെയില്‍വേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ ക്വിക്ക് റെസ്പോണ്‍സ് ടീമുകള്‍ രൂപീകരിച്ചിട്ടുണ്ട്.
ഈ ടീമുകള്‍ റെയില്‍വേയുടെ വാണിജ്യ വകുപ്പുമായി ചേർന്ന് അപ്രതീക്ഷിത പരിശോധനകള്‍ പതിവായി നടത്തുന്നുണ്ട്. അംഗീകൃതമല്ലാത്ത കുടിവെള്ളം, ഭക്ഷണം, പാനീയങ്ങള്‍ ഉള്‍പ്പെടെ നിർദിഷ്ട മാനദണ്ഡങ്ങള്‍ പാലിക്കാത്ത മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.
വാട്ടർ ബോട്ടിലുകള്‍ പിടിച്ചെടുത്തു
നോർത്ത് സോണില്‍ മാത്രം നടത്തിയ പരിശോധനയില്‍ 8,349 ബോട്ടില്‍ അംഗീകൃതമല്ലാത്ത കുടിവെള്ളമാണ് പിടിച്ചെടുത്തത്. 2026 ജൂലായ് 28നും ഓഗസ്റ്റ് എട്ടിനും ഇടയില്‍ ഐആർസിടിസി ഉദ്യോഗസ്ഥരും ലക്നൗ വാണിജ്യ വകുപ്പും ലക്നൗ മേഖലയിലുടനീളമുള്ള 117 ട്രെയിനുകളില്‍ പരിശോധന നടത്തി. ഇതില്‍ നിന്ന് മാത്രം 5,241 കുപ്പി അംഗീകൃതമല്ലാത്ത കുടിവെള്ളമാണ് പിടിച്ചെടുത്തത്.
ഓഗസ്റ്റ് പത്തിന് ഐആർസിടിസിയുടെ ചണ്ഡീഗഡ് റീജിയണല്‍ ഓഫീസ് അംബാല, ലുധിയാന, അമൃത്സർ, കത്ര, ജമ്മു എന്നിവയുള്‍പ്പെടെയുള്ള സ്റ്റേഷനുകളില്‍ പരിശോധന നടത്തി. ആകെ 51 ട്രെയിനുകളിലായിരുന്നു പരിശോധന. ഇവിടെ നിന്നും 3,108 കുപ്പി അംഗീകൃതമല്ലാത്ത കുടിവെള്ളം പിടിച്ചെടുത്തു.
എന്നാല്‍ ഇത് മാത്രമല്ല, ഓഗസ്റ്റ് പത്തിന് അംബാലയില്‍ നടത്തിയ രണ്ട് മിന്നല്‍ പരിശോധനയില്‍ ഐസ്ക്രീം, പാല് ഉള്‍പ്പെടെ 13 ഇനം അംഗീകൃതമല്ലാത്ത ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. സഹാറൻപൂർ റെയില്‍വേ സ്റ്റേഷനിലും നടത്തിയ സമാനമായ പരിശോധനയില്‍ ഐസ്ക്രീമുകള്‍, പാനീയങ്ങള്‍, പായ്ക്ക് ചെയ്ത കുടിവെള്ളം എന്നിവ പിടിച്ചെടുത്തു.
കൂടുതല്‍ പരിശോധനകള്‍
രാജ്യത്തുടനീളം പരിശോധനകള്‍ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. കുടിവെള്ലം, ഭക്ഷണം, കാറ്ററിംഗ് നിയമത്തിലുള്ള ലംഘനം, അമിത ചാർജ് ഈടാക്കുക, ശുചിത്വം പാലിക്കാതിരിക്കുക, കീട നിയന്ത്രണം നടത്താതിരിക്കുക, ശരിയല്ലാത്ത ഉപകരണങ്ങള്‍ ഉപയോഗിക്കുക തുടങ്ങിയ എല്ലാ കാര്യങ്ങളും സംഘം പരിശോധിക്കും.
പിടിച്ചെടുത്ത അനധികൃതമായ ഭക്ഷണങ്ങളും പാനീയങ്ങളും നശിപ്പിച്ചു. വിവിധ സോണുകളിലായി ഇപ്പോഴും ഐആർസിടിസിയുടെ പരിശോധനകള്‍ നടക്കുന്നുണ്ട്. വെസ്റ്റ് സോണിലെ സബർമതി ബിജി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിൻ നമ്പർ 19223, 19031 എന്നിവയില്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായ മോര്, കുടിവെള്ളം എന്നിവ പിടിച്ചെടുത്തു.
ഓഗസ്റ്റ് എട്ടിനും 14നുമിടയില്‍ ഗുവാഹത്തി, കാമാഖ്യ, അഗർത്തല, കതിഹാർ, ന്യൂ ജല്‍പൈഗുരി, ദിബ്രുഗഡ് എന്നിവിടങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി. ഇവിടെ ട്രെയിനുകള്‍ മാത്രമല്ല, കാറ്ററിംഗ് യൂണിറ്റുകളും പരിശോധിച്ചു.
നിയമം ലംഘിച്ചാല്‍?
എല്ലാ കാറ്ററിംഗ് സേവന ദാതാക്കളും അവരുടെ ജീവനക്കാർ അനധികൃത ഭക്ഷണ പാനീയങ്ങള്‍ സൂക്ഷിക്കുകയോ വില്ക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഐആർസിടിസി നിർദേശിച്ചു. ലൈസൻസ് നിബന്ധനകളും വ്യവസ്ഥകളും ലംഘിച്ചുവെന്ന് കണ്ടാല്‍ കാറ്ററിംഗ് ഉടമകളെ കർശനമായ ശിക്ഷാ നടപടികള്‍ക്ക് വിധേയമാക്കും.എല്ലാ ഐആർസിടിസി സോണുകളിലും പ്രദേശങ്ങളിലും ഇപ്പോള്‍ പരിശോധനാ സംഘങ്ങള്‍ സജീവമായുണ്ട്. ബന്ധപ്പെട്ട റെയില്‍വേ വാണിജ്യ വകുപ്പുകളുമായി ഏകോപിപ്പിച്ച് തീവ്രമായ പരിശോധനകള്‍ തുടരുമെന്ന് ഐആർസിടിസി അറിയിച്ചു. യാത്രക്കാരുടെ ആരോഗ്യം വലുതാണെന്നും ഒരു തരത്തിലുമുള്ള അനധികൃത കച്ചവടങ്ങള്‍ പ്രോത്സാഹിപ്പിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








