അബുദാബി: ഇറാനില്‍ നിന്ന് തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ സമുദ്ര ഗതാഗതത്തെ ലക്ഷ്യമിട്ടതിന് പിന്നാലെ ഇറാനുമായുള്ള എല്ലാവിധ വ്യാപാര, ധനകാര്യ ഇടപാടുകളും മറ്റ് സാമ്പത്തിക പ്രവർത്തനങ്ങളും നിർത്തിവെച്ചതായി യുഎഇ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു.ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധനം തുടരും.
ബുധനാഴ്ച പുലർച്ചെ യുഎഇ വിദേശകാര്യ മന്ത്രാലയത്തിലെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ അഫ്ര അല്‍ ഹാമേലിയാണ് ഇത് സംബന്ധിച്ച സ്ഥിരീകരണം നല്‍കിയത്. ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെക്കുറിച്ചുള്ള തെറ്റായ അവകാശവാദങ്ങള്‍ യുഎഇ തള്ളിക്കളയുന്നതായി അവർ വ്യക്തമാക്കി. മേഖലയില്‍ സമാധാനവും സുസ്ഥിരതയും കൈവരിക്കുന്നതിന് പരസ്പര ചർച്ചകള്‍ക്കും സഹകരണത്തിനും മാത്രമാണ് യുഎഇ മുൻഗണന നല്‍കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ച ഇറാൻ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ സമുദ്ര ഗതാഗതത്തെയും കപ്പലുകളെയുമാണ് ലക്ഷ്യമിട്ടിരുന്നതെന്ന് പ്രതിരോധ മന്ത്രാലയം നടത്തിയ വിലയിരുത്തലില്‍ വ്യക്തമായി. വ്യോമസേനയുടെ പ്രതിരോധ സംവിധാനങ്ങള്‍ മിസൈലുകളെ പ്രതിരോധിക്കുന്നതിനിടയില്‍ രാജ്യത്ത് അടിയന്തര മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങിയിരുന്നു.
ഒരു മിസൈല്‍ രാജ്യത്തിന് പുറത്തും രണ്ടാമത്തേത് യുഎഇയുടെ സമുദ്ര അതിർത്തിക്കുള്ളിലുമാണ് പതിച്ചതെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായതോടെ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ അടിയന്തര ജാഗ്രതാ നിർദ്ദേശം അധികൃതർ പിൻവലിച്ചു. ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം വിശ്വസിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








