കോഴിക്കോട്: ദേശീയപാത ബൈപ്പാസില്‍ കോരപ്പുഴ പാലത്തിനുസമീപം കാറിടിച്ച് പതിനെട്ടുകാരന് ദാരുണാന്ത്യം. ചേമഞ്ചേരി കാപ്പാട് റെയിഷാസില്‍ ഫൈസല്‍ അഹമ്മദിന്റെ മകൻ ഫർസീൻ അഹമ്മദ് (18) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ 10.25-ഓടെ ആയിരുന്നു അപകടം. കോഴിക്കോട് നഗരത്തിലേക്ക് പോവുകയായിരുന്ന ഫർസീന്റെ ബൈക്കില്‍ അതേ ദിശയില്‍ വന്ന കാറിടിക്കുകയായിരുന്നു. തെറിച്ചുവീണ യുവാവിനെ എതിർദിശയില്‍വന്ന കാറും ഇടിച്ചു. ഹെല്‍മെറ്റ് ഉണ്ടായിരുന്നെങ്കിലും രക്തം വാർന്നൊഴുകി റോഡില്‍ പരന്നു. ഇടിച്ചിട്ട കാറിലുള്ളവരുള്‍പ്പെടെ ആരും തിരിഞ്ഞുനോക്കാതെ കടന്നു പോവുകയായിരുന്നു. അപകടം നടന്ന് 20 മിനിറ്റിലധികം രക്തം വാർന്ന് ജീവനുവേണ്ടി പിടഞ്ഞാണ് ഫർസീൻ മരണത്തിന് കീഴടങ്ങിയത്.
അപകടം കണ്ട തൊഴിലാളികളും ചില യാത്രക്കാരും വിളിച്ച ആംബുലൻസ് സ്ഥലത്തെത്തിയശേഷമാണ് ഫർസീനെ മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അപ്പോഴേക്കും പോലീസും സ്ഥലത്തെത്തി. 11.10-ഓടെ ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയ്ക്ക് രണ്ടോടെ മരിച്ചു. മെഡിക്കല്‍ കോളേജിനുസമീപത്തെ ട്രിപ്പിള്‍ ഇ കോളേജിലെ ഒന്നാംവർഷ സി.എ. വിദ്യാർഥിയാണ്. അത്തോളിയിലെ സ്വകാര്യ ദന്താശുപത്രിയിലെത്തി പല്ലിന് ക്ലിപ്പിട്ടശേഷം കാപ്പാടുള്ള തറവാട്ടുവീട്ടില്‍ വല്യുമ്മയെക്കണ്ട് കോളേജിലേക്ക് മടങ്ങുന്നതിനിടയിലായിരുന്നു അപകടം. ചെങ്ങോട്ടുകാവ് സെറീന കോട്ടേജിലാണ് ഫർസീന്റെ കുടുംബം താമസിക്കുന്നത്.
ഉമ്മ: റംസീന. സഹോദരങ്ങള്‍: മുഹമ്മദ് ഫിസാൻ, ഫാത്തിമ റിഫ്ന. മൃതദേഹം ഗവ. മെഡിക്കല്‍കോളേജ് മോർച്ചറിയില്‍. മയ്യിത്ത് നമസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് ളുഹറിന് ചെങ്ങോട്ടുകാവ് ജുമാ മസ്ജിദില്‍. കബറടക്കം മാടാക്കര ജുമാമസ്ജിദില്‍.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







