പാലത്തായി കേസിൽ പ്രതി പത്മരാജന്റെ ജാമ്യം റദ്ദാക്കില്ല. ജാമ്യം അനുവദിച്ച പോക്സോ കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു. പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മ ഹരജി നൽകിയിരുന്നു. പോക്സോ കേസുകളിൽ ഇരയുടെ സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള പൊതു മാർഗ്ഗനിർദ്ദേശങ്ങളും ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുണ്ട്.
പാലത്തായി പീഡന കേസിലെ പ്രതിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതാവ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധിയുണ്ടായിരിക്കുന്നത്. ഇരയുടെ മൊഴിയുണ്ടായിട്ടും പോക്സോ വകുപ്പും ബലാൽസംഗക്കുറ്റവും ചുമത്താതെ ബി.ജെ.പി നേതാവ് കൂടിയായ പ്രതി പത്മരാജന് ജാമ്യം അനുവദിച്ച പോക്സോ കോടതി ഉത്തരവിനെതിരെയായിരുന്നു കുട്ടിയുടെ മാതാവ് ഹരജി നല്‍കിയിരുന്നത്. ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 82-ാം വകുപ്പ് പ്രകാരമുള്ള കുറ്റം മാത്രം ചുമത്തി 90ാം ദിവസം ക്രൈംബ്രാഞ്ച് നൽകിയ ഭാഗിക കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ ജൂലൈ 16നാണ് പ്രതിക്ക് പോക്സോ കോടതി ജാമ്യം അനുവദിച്ചത്.
ഇരയുടെ വ്യക്തമായ മൊഴിയും മെഡിക്കൽ സർട്ടിഫിക്കറ്റും ഉണ്ടായിട്ടും പ്രതിക്ക് ജാമ്യം ലഭിക്കാൻ സഹായകമായ വിധം പോക്സോ വകുപ്പുകൾ ഒഴിവാക്കിയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയതെന്ന് മാതാവ് ഹരജിയില്‍ ആരോപിച്ചിരുന്നു. 90 ദിവസത്തിനകം കുറ്റപത്രം കൊടുത്തു എന്നതിന്റെ പേരിൽ പ്രതിക്ക് ജാമ്യത്തിന് അവകാശം ലഭിക്കുന്നില്ല. പോക്സോ കുറവ് ചെയ്ത നൽകിയ കുറ്റപത്രം പരിഗണിച്ചതിലൂടെ പ്രതിയുടെ ജാമ്യ ഹരജി പരിഗണിക്കാനുളള അധികാരം പോക്സോ കോടതിക്ക് നഷ്ടപ്പെട്ടു. പ്രതിയുടെ ജാമ്യ ഹരജി ഹൈകോടതി തള്ളി ഒരാഴ്ചക്കകമാണ് പോക്സോ കോടതി ജാമ്യം അനുവദിച്ചിരിക്കുന്നതെന്നു ഇരയായ കുട്ടിയുടെ മാതാവ് വാദിച്ചു. എന്നാൽ കുട്ടിക്ക് കളവ് പറയുന്ന സ്വഭാവമുള്ളതായി കൗൺസിംലിംഗ് നടത്തിയവർ റിപ്പോർട്ട് നൽകിയിട്ടുണ്ടന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. ഇന്ന് ഹരജി പരിഗണിച്ച ഹൈക്കോടതി ജാമ്യം അനുവദിച്ച പോക്സോ കോടതി ഉത്തരവ് ശരിവെക്കുകയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.