റിയാദ്: സഊദിയിലേക്ക് ഒരു വിഭാഗം പ്രവാസികൾക്ക് മടക്കയാത്ര അനുവദിക്കുമെന്ന പ്രഖ്യാപനം വന്നതോടെ ആദ്യ ഘട്ടത്തിൽ കേരളത്തിൽ നിന്ന് ചാർട്ടർ വിമാനങ്ങളിൽ യാത്രക്കാർ ബുക്കിംഗ് തുടങ്ങി. നിലവിൽ സഊദിയിലേക്ക് ആരോഗ്യ പ്രവർത്തകരുമായി എത്തുന്ന വിമാനങ്ങളിൽ ഇത്തരക്കാരെ എത്തിക്കാനാണ് സൗകര്യം ഒരുക്കുന്നത്. ബുധനാഴ്ച വൈകീട്ടോടെ തന്നെ സഊദി സിവിൽ എവിയേഷന്റെ സർക്കുലർ പുറത്ത് വന്നതോടെ വിമാനകമ്പനികൾക്കും ഇത് സംബന്ധമായി തീരുമാനം കൈകൊള്ളാനായി. ഇത് പ്രകാരമാണ് നിലവിൽ നടന്നു കൊണ്ടിരിക്കുന്ന കേരളത്തിൽ നിന്നുള്ള നേരിട്ടുള്ള ചാർട്ടഡ് വിമാനത്തിൽ പ്രവാസികൾ എത്തിച്ചേരുക.
ആരോഗ്യ പ്രവർത്തകർക്കായി നേരത്തെ തന്നെ ചാർട്ടർ ചെയ്ത ഈ വിമാനത്തിൽ സഊദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ എടുത്ത ശേഷം നാട്ടിലേക്ക് പോയവർക്ക് തിരിച്ചു വരാനാകുമെന്നതിനാൽ ഈ മാർഗ്ഗമാണ് ഇപ്പോൾ അവലംബിക്കുന്നത്. ഇത് സംബന്ധമായി സിവിൽ എവിയേഷൻ അറിയിപ്പ് വന്നതോടെ വിമാന കമ്പനികൾ ഇത്തരക്കാരെ യാത്ര ചെയ്യാൻ അനുവദിക്കുമെന്ന് അറിയിച്ചതായും ഇവർക്ക് യാത്ര പോകാമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. ഇത് പ്രകാരമാണ് അടുത്ത ദിവസങ്ങളിൽ പോകുന്ന ചാർട്ടഡ് വിമാനത്തിൽ സഊദിയിൽ നിന്ന് രണ്ട് ഡോസ് എടുത്ത് നാട്ടിൽ പോയ ഏതാനും പ്രവാസികൾ അവധി കഴിഞ്ഞു തിരിച്ചെത്തുക.
അതേസമയം, അടുത്ത ദിവസങ്ങളിൽ തന്നെ കൂടുതൽ ചാർട്ടഡ് വിമാനങ്ങളും ഒരുക്കുന്നതായും ട്രാവൽസുകൾ പറയുന്നു. നേരത്തെ ആരോഗ്യ പ്രവർത്തകർക്ക് മാത്രമായിരുന്നു നേരിട്ടുള്ള പ്രവേശനം എന്നതിനാൽ വളരെ കുറഞ്ഞ സർവ്വീസുകൾ മാത്രമായിരുന്നു ചാർട്ട് ചെയ്തിരുന്നത്. എന്നാൽ, ഇനി മുതൽ കൂടുതൽ ചാർട്ടഡ് വിമാനങ്ങൾക്കായുള്ള ക്രമീകരണങ്ങളും അനുവാദവും ലഭിക്കാനുള്ള ശ്രമങ്ങളും ചാർട്ടഡ് വിമാന സർവീസുകൾ സജ്ജീകരിക്കുന്ന ട്രാവൽസുകൾ ത്വരിതഗതിയിൽ തുടങ്ങുന്നുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.