തിരുവനന്തപുരം : കേരളത്തിലെ കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ അഞ്ച് നിര്‍ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം അനുസരിച്ചുള്ള കര്‍ശന നിയന്ത്രണ നടപടികള്‍ പാലിക്കണമെന്ന് കാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാന ചീഫ് സെക്രട്ടറിക്കാണ് കത്തയച്ചത്. നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ അയല്‍ സംസ്ഥാനങ്ങളിലടക്കം രോഗം പടരുമെന്ന് കത്തില്‍ പറയുന്നു.
ഒരു പോസിറ്റീവ് കേസില്‍ സമ്ബര്‍ക്കപ്പട്ടികയിലെ 20-25 പേരെ ക്വാറൈന്റനില്‍ പ്രവേശിപ്പിക്കണം, വ്യാപനം കൂടുതലുള്ള ക്ലസ്റ്ററുകളില്‍ പ്രത്യേക ശ്രദ്ധ വേണം, കണ്ടെയ്ന്മെന്റ് മേഖലയില്‍ ടാര്‍ജറ്റ് ടെസ്റ്റിങ് വേണം, കണ്ടെയ്ന്മെന്റ് സോണുകള്‍ തിരിക്കേണ്ടത് കേന്ദ്ര മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കണം, രണ്ടാം ഡോസ് വാക്സിനേഷന് സമയബന്ധിതമായി നടപ്പാക്കണം, വാക്സിനേഷന് എടുത്തവരില്‍ കോവിഡ് വന്നത് സംബന്ധിച്ച് പഠനം നടത്തണം തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്.
ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കണം. പരിശോധന വര്‍ധിപ്പിക്കണം. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ക്കും രോഗികളുമായി അടുത്ത് ഇടപഴകിയവര്‍ക്കും പരിശോധനയില്‍ പ്രഥമ പരിഗണന നല്‍കണം. കോവിഡ് ജനിതക വ്യതിയാനത്തെക്കുറിച്ച് പഠനം നടത്തണം. രണ്ടാം ഡോസ് വാക്സീന് അര്‍ഹരായവര്‍ക്ക് എത്രയും വേഗം ലഭിക്കാന്‍ കേരളത്തിന്റെതായ മാതൃക തയാറാക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
2021 ജൂലൈ 19 മുതല്‍ കേരളത്തില്‍ രോഗം വര്‍ധിക്കുകയാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ജൂലൈയില്‍ ശരാശരി 13,500 കേസായിരുന്നെങ്കില്‍ ആഗസ്റ്റില്‍ 19,500 കേസ് ആയി. രാജ്യത്തെ കോവിഡ് കേസുകളില്‍ പകുതിയും കേരളത്തിലാണ്.
കേരളത്തിലെ 14 ജില്ലകളിലും രോഗ സ്ഥിരീകരണ നിരക്ക് (ടി.പി.ആര്) കൂടുതലാണ്. തൃശൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളില്‍ 10 ലക്ഷം പേരില്‍ നാലായിരത്തിലധികം പേര് പോസിറ്റീവാണെന്നും കത്തില്‍ പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.