പാഴൂർ: കറുത്ത ഞായറാഴ്ചയുടെ മൂകമായ പകൽ. ഇന്ന് പാഴൂർക്കാരുടെ പ്രഭാതം വളരെ വേദനയും ഒപ്പം ഭീതി നിറഞ്ഞതുമായിരുന്നു. കുറച്ച് ദിവസങ്ങളായി മുഹമ്മദ് ഹാഷിം പനി കാരണം ഹോസ്പിറ്റലിലായത് മുതൽ പ്രാർത്ഥനയിലായിരുന്നു ഈ നാട്. ഇന്നലെ അർദ്ധ രാത്രിയാണ് നിപ വൈറസ് സ്ഥിതീകരിക്കുന്നതും അർദ്ധ രാത്രി തന്നെ ആറോളം പോലീസ് വാഹനങ്ങളും സ്ഥലത്ത് എത്തി നാട്ടുകാരും ചേർന്ന് എല്ലാ വഴികളും അടക്കുകയുമായിരുന്നു.
പിന്നാലെ ഹാഷിമിന്റെ മരണവാർത്തയുമെത്തി. നേരം പുലർന്നപ്പോഴേക്കും നാട്ടുകാർക്ക് ഭീകരാന്തരീക്ഷമായിരുന്നു. വാർത്താമാധ്യമങ്ങളിലൂടെ മാത്രം നാട്ടുകാരറിഞ്ഞ നിപ വൈറസ് എന്ന മഹാമാരി നേരിൽ കാണുന്ന ഭീതിയിലായിരുന്നു നാട്ടുകാർ. ഉറ്റവരുടെ അന്ത്യചുംബനം പോലും ഏറ്റുവാങ്ങാതെ, ഓമനിച്ച് വളർത്തിയ മാതാപിതാക്കൾക്ക് വാരിപ്പുണരാനാവാതെ, കളിക്കൂട്ടുകാർക്ക് അവസാനമായി ഒരു നോക്ക് കാണാനാവാതെ ജൻമനാടിൽനിന്ന് കിലോമീറ്ററുകൾ അകലെ അറബിക്കടലിന്റെ തീരത്ത് കണ്ണംപറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിലാണ് ഹാഷിം അന്ത്യവിശ്രമം കൊള്ളുന്നത്.
പൊന്നുമോനെ അവസാനമായൊന്ന് കാണാൻ പോലും അബൂബക്കറിനും വാഹിദയ്ക്കുമായില്ല. മകനെ കോഴിക്കോട് കണ്ണമ്പറമ്പിൽ ഖബറടക്കുമ്പോൾ നെഞ്ച് തകർന്നിവർ വിലപിക്കുകയായിരുന്നു. തെങ്ങുകയറ്റ തൊഴിലാളിയായ വായോളി അബൂബക്കറിന്റെ ഏക മകനായിരുന്നു എട്ടാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് ഹാഷിം. നിപാ തങ്ങളുടെ മകനെ കൊണ്ടുപോയയെന്ന് ഇപ്പോഴും ഇവർക്ക് വിശ്വസിക്കനായിട്ടില്ല. അസുഖം ഭേദമായി ആശുപത്രിയിൽനിന്നും തിരികെ വരുന്നതും കാത്തിരിക്കുകയായിരുന്നു ബന്ധുക്കളും. അബൂബക്കർ സിപിഐ എം മുന്നൂർ ബ്രാഞ്ചംഗമാണ്.
നന്നായി മാപ്പിളപ്പാട്ടുകൾ പാടുമായിരുന്ന ഈ പന്ത്രണ്ടുകാരൻ, കുടുംബത്തിന്റെ ആശ്രയവും പ്രതീക്ഷയുമായിരുന്നു. വീട്ടിൽ വളർത്തുന്ന ആടുകളെ പരിപാലിച്ചിരുന്നതും ഹാഷിമായിരുന്നു. പഠനത്തിലും മികവ് പുലർത്തി. കൊടിയത്തൂർ പിടിഎം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിയായിരുന്നു.
ചെറു പ്രായത്തിൽ തന്നെ മതകാര്യങ്ങളിൽ തത്പരനും മദ്റസയിലെയും പള്ളിയിലെയും പരിപാടികളിൽ സജീവമായിരുന്ന ഹാഷിമിന് ഓൺലൈനിലും സോഷ്യൽ മീഡിയയിലുമായി പ്രാർത്ഥനകളിൽ മുഴുകിയിരിക്കുകയാണ് കൂട്ടുകാരും നാട്ടുകാരും.
കഴിഞ്ഞ ആഴ്ച്ച കോവിഡ് പിടിപെട്ടതിനു ശേഷം ന്യുമോണിയ ബാധിച്ച് മരിച്ച സലീമിന്റെ ചികിത്സക്കായി നാട്ടുകാരും ബന്ധുക്കളും ഒറ്റക്കെട്ടായി കൂടെ നിന്നെങ്കിലും ജീവൻ രക്ഷിക്കാൻ കഴിയാത്ത തേങ്ങൽ ഉണങ്ങും മുമ്പെയാണ് ഇന്ന് പുതിയ ഒരു ദു:ഖ വാർത്ത കൂടി പാഴൂർക്കാരിലേക്കെത്തുന്നത്.
✍റിപ്പോർട്ട്: ഷമീർ പാഴൂർ
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.