പയ്യോളി: പയ്യോളിയിൽ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരം 6 മണിയോടെ പയ്യോളി പെട്രോൾ പമ്പിന് സമീപമാണ് സംഭവം. പെരിന്തൽമണ്ണ ദൃശ്യ കൊലപാതക കേസിലെ ഒന്നാം പ്രതി വിനീഷ് വിനോദാണ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത്.
കോഴിക്കോട് നിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ആംബുലൻസിൽ പോകുമ്പോൾ പ്രതിക്ക് മൂത്രമൊഴിക്കാനായി ദേശീയപാതയ്ക്ക് സമീപം നിർത്തിയതോടെ വാഹനത്തില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. റെയില്‍വേ ട്രേക്കിലൂടെ ഓടിയ പ്രതിയെ പയ്യോളി രണ്ടാം ഗേറ്റിന് സമീപത്തുവെച്ച് നാട്ടുകാര്‍ പിടികൂടുകയായിരുന്നു.
തടിയന് പറമ്ബില്‍ നൗഷാദാണ് പ്രതി ഓടി വരുന്നത് കണ്ട് തടഞ്ഞു നിര്‍ത്തി പിന്തുടര്ന്നെത്തിയ പോലിസിന് ഏൽപ്പിച്ചത്. അതിനിടെ റോഡരികില്‍ ബൈക്കിലുണ്ടായിരുന്ന കടപ്പുറം താരേമ്മല്‍ അന്‍വറിന്റെ ബൈക്ക് തട്ടിയെടുത്ത് രക്ഷപ്പെടാനും പ്രതി ശ്രമിച്ചു. സംഭവത്തില്‍ മകള്‍ ആയിശ ഫിദയുടെ കൈക്ക് പരിക്കേറ്റു.
ജൂണ്‍ 17നാണ് പ്രണയം നിരസിച്ചതിന്റെ പേരില്‍ വീട്ടില്‍ കയറി ഏലംകുളം പഞ്ചായത്തില്‍ എളാട് ചെമ്മാട്ടില്‍ വീട്ടില്‍ ബാലചന്ദ്രന്റെ മകളും ഒറ്റപ്പാലം നെഹ്റു കോളജില്‍ എല്‍എല്‍ബി മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയുമായ ദൃശ്യയെ വിനീഷ് കുത്തിക്കൊന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.