കോഴിക്കോട്: മണ്ണ്- ജല സംരക്ഷണത്തിനായി സർക്കാർ ആരംഭിച്ച നീരുറവ നീർത്തട പദ്ധതി ജില്ലയിൽ ആരംഭിച്ചു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി പഞ്ചായത്തിലെ പൊയിലിങ്ങാപ്പുഴയിൽ സമഗ്ര നീർത്തട വികസന പദ്ധതി നടപ്പാക്കും. 547 ഹെക്ടർ പ്രദേശം ഇതിനായി തിരഞ്ഞെടുത്തിട്ടുണ്ട്. പദ്ധതി പ്രദേശത്തെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു. പദ്ധതി വിളംബര ജാഥ ഇന്ന് നടക്കും.
പദ്ധതി നിർവഹണത്തിൽ ജനങ്ങളിൽ നിന്നുള്ള നിർദ്ദേശങ്ങളും പരിഗണിക്കും. തൊഴിലുറപ്പ് പദ്ധതിക്ക് പുറമെ ജലസേചന വകുപ്പ്, കൃഷി വകുപ്പ്, മണ്ണ് സംരക്ഷണ വകുപ്പ്, വനം വകുപ്പ്, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ചെറുകിട, നാമമാത്ര കർഷകരുടെയും പട്ടികജാതി, പട്ടികവർഗക്കാരുടെയും ദുര്‍ബല വിഭാഗ ഭൂമിയിൽ ഇതിലൂടെ ആവശ്യമായ മാറ്റങ്ങൾ വരുത്തും.
ജലലഭ്യത ഉറപ്പുവരുത്താൻ കുളങ്ങളുടെയും കിണറുകളുടെയും പ്രവർത്തനങ്ങൾ ഏറ്റെടുക്കും.
പ്രകൃതിദത്തമായ ഘടനയ്ക്ക് ഭംഗം വരുത്താതെ നീര്ത്തടത്തിനുള്ളില് കല്ല് കയ്യാലകള്‍, മണ്ണ് കയ്യാലകള്‍ നിർമ്മിക്കും. പദ്ധതി പ്രദേശത്ത് വ്യാപകമായി മരങ്ങൾ നട്ടുപിടിപ്പിക്കും.
ക്രമേണ ഉയർന്ന പ്രദേശങ്ങളിൽ നിന്നും താഴ്ന്ന പ്രദേശങ്ങളിലേക്ക് എന്ന തരത്തിലായിരിക്കും പ്രവൃത്തികള്‍ ഏറ്റെടുക്കുക. ശാസ്ത്രീയമായ ഇടപെടലുകളിലൂടെ ജലത്തിന്റെ സ്വാഭാവിക ഒഴുക്ക് തടയുകയും ചെറിയ ചെക്ക് ഡാമുകളും കുളങ്ങളും നിർമ്മിച്ച് എല്ലാ മാസവും ജലലഭ്യത ഉറപ്പുവരുത്തുകയും ചെയ്യും. പദ്ധതിയുടെ ആദ്യഘട്ട ആലോചനായോഗത്തില്‍ വാട്ടര്‍ ഷെഡ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇത് പൈലറ്റ് പ്രോജക്ടാണ്. ക്രമേണ മറ്റു ബ്ലോക്കുകളിലെ നീര്‍ത്തടങ്ങളിലും വ്യാപിപ്പിക്കും. മൂന്നു വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.