ഇടുക്കി: ലോക പരിസ്ഥിതി ദിനത്തിൽ ഇടുക്കിയിൽ നിന്നുള്ള ഏറെ വേദനയുണ്ടാക്കുന്ന ഒരു ദൃശ്യമാണ് പഞ്ചായത്ത് മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്തു നിന്നും കുട്ടിയാനയും പിടിയാനയും പ്ലാസ്റ്റിക് കഴിക്കുന്നത് ഇടുക്കി ചിന്നക്കനാൽ പഞ്ചായത്തിലെ വേസ്റ്റുകുഴി എന്നറിയപ്പെടുന്ന ഭാഗത്ത് നിന്നുള്ളതാണ് വീഡിയോ.
ചിന്നക്കനാൽ പഞ്ചായത്തിലെ മുഴുവൻ മാലിന്യവും തള്ളുന്നത് ഇവിടെയാണ്. പച്ചക്കറികൾക്കൊപ്പം പ്ലാസ്റ്റിക്കും ഇവിടെ നിന്നും ആന ഭക്ഷിക്കുന്നുണ്ട്. ആനകളുടെ ആവാസ മേഖലയിലാണ് പഞ്ചായത്തിൻറെ ഈ മാലിന്യം തള്ളൽ. രാത്രിയും പകലും കാട്ടാനക്കൂട്ടം സഞ്ചരിക്കുന്ന വഴിയാണിത്. അരിക്കൊമ്പനെ പിടികൂടാൻ ദൗത്യ സംഘം തെരഞ്ഞെടുത്തിരുന്ന സ്ഥലങ്ങളിലൊന്ന്. മുമ്പ് ഇവിടെ തള്ളിയ മാലിന്യം പഞ്ചായത്ത് മണ്ണിട്ട് മൂടിയിരുന്നു. എന്നാൽ ഇപ്പോഴും മാലിന്യങ്ങൾ എത്തിക്കുന്നതിൻറെ തെളിവ് കൂടിയാണ് ഈ ദൃശ്യങ്ങൾ. മാലിന്യ സംസ്ക്കരണ പ്ലാൻറ് സ്ഥാപിക്കാൻ സ്ഥലം ആവശ്യപ്പെട്ടിട്ടും സർക്കാർ നൽകാത്തതിനാലാണ് വനത്തിൽ തള്ളുന്നതെന്നാണ് പഞ്ചായത്ത് പറയുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








