കൊച്ചി: എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും സംയുക്തമായി കോഴിക്കോട്, കണ്ണൂർ, ജയ്പൂർ, ചെന്നൈ എന്നീ നാല് ഇന്ത്യൻ നഗരങ്ങളിൽ നിന്ന് 19,000 ഹജ്ജ് തീർഥാടകരെ സൗദി അറേബ്യയിലെ ജിദ്ദയിലേക്കും മദീനയിലേക്കും എത്തിക്കും.
ആദ്യഘട്ടത്തിൽ മെയ് 21 മുതൽ ജൂൺ 21 വരെ ജയ്പൂർ, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് മദീനയിലേക്കും ജിദ്ദയിലേക്കും എയർ ഇന്ത്യ 46 വിമാനങ്ങൾ സർവീസ് നടത്തും. രണ്ടാം ഘട്ടത്തിൽ തീർത്ഥാടകരെ തിരികെ കൊണ്ടുവരാൻ ജൂലൈ 3 മുതൽ ഓഗസ്റ്റ് 2 വരെ ജിദ്ദ, മദീന എന്നിവിടങ്ങളിൽ നിന്ന് ജയ്പൂർ, ചെന്നൈ എന്നിവിടങ്ങളിലേക്ക് 43 വിമാനങ്ങളാണ് സർവീസ് നടത്തുക.
ജയ്പൂരിൽ നിന്നുള്ള 27 വിമാനങ്ങളിലായി 5871 തീർഥാടകരും ചെന്നൈയിൽ നിന്നുള്ള 19 വിമാനങ്ങളിലായി 4447 തീർഥാടകരും എയർ ഇന്ത്യ വിമാനങ്ങളിൽ എത്തും. ബോയിംഗ് 787, എയർബസ് 321 നിയോ വിമാനങ്ങളിലായി 10318 യാത്രക്കാരെയാണ് എയർ ഇന്ത്യ സൗദിയിലേക്ക് കൊണ്ടുപോകുന്നത്.
ജൂണ്‍ 4 മുതല്‍ 22 വരെ കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന് സര്‍വീസ് നടത്താൻ എയര്‍ ഇന്ത്യ എക്സ്പ്രസ് ബി737-800 വിമാനമാണ് ഉപയോഗിക്കുന്നത്. കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് 6363 യാത്രക്കാര്‍ക്കായി 44 വിമാന സര്‍വീസും കണ്ണൂരില്‍ നിന്ന് ജിദ്ദയ്ക്ക് 1873 യാത്രക്കാര്‍ക്കായി 13 സര്‍വീസും നടത്തും. ആദ്യ ഘട്ടത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ആകെ 8236 തീര്‍ത്ഥാടകര്‍ക്കായി 57 വിമാനങ്ങള്‍ സര്‍വീസുകളാണ് നടത്തുക. രണ്ടാം ഘട്ടത്തില്‍ ജൂലൈ 13 മുതല്‍ ഓഗസ്റ്റ് 2 വരെ എയര്‍ ഇന്ത്യ എക്സ്പ്രസ് മദീനയില്‍ നിന്ന് കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് തീര്‍ത്ഥാടകരെ തിരികെ കൊണ്ടുവരും.
പവിത്രമായ ഹജ്ജ് തീര്‍ത്ഥാടനത്തിനായി ചെന്നൈ, ജയ്പൂര്‍ നഗരങ്ങളില്‍ നിന്നുള്ള വാര്‍ഷിക പ്രത്യേക വിമാനങ്ങള്‍ പുനരാരംഭിക്കുന്നതില്‍ എയര്‍ ഇന്ത്യ സന്തുഷ്ടരാണെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന് സര്‍വീസ് നടത്തുമെന്നും എയര്‍ ഇന്ത്യ സിഇഒയും എംഡിയുമായ കാംബെല്‍ വില്‍സണ്‍ പറഞ്ഞു. ഈ തീര്‍ത്ഥാടനത്തില്‍ യാത്രക്കാര്‍ക്ക് സമാനതകളില്ലാത്ത സൗകര്യങ്ങള്‍ നല്‍കാനാണ് എയര്‍ ഇന്ത്യ എക്സ്പ്രസുമായി ചേര്‍ന്ന് ശ്രമിക്കുന്നത്. ഈ ഫ്ലൈറ്റുകളിലെ അതിഥികള്‍ക്ക് പ്രത്യേക പരിചരണം ഉറപ്പാക്കുന്നതിന്, ബന്ധപ്പെട്ട വിമാനത്താവളങ്ങളില്‍ ഓണ്‍-ഗ്രൗണ്ട് ടീമുകളെ ശക്തിപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുംബൈ, മംഗളൂരു, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന് സൗദി അറേബ്യയിലേക്ക് ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങള്‍ക്ക് പുറമേ കേരളത്തില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന് പ്രത്യേക ഹജ്ജ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെയും എയര്‍ഏഷ്യ ഇന്ത്യയുടെയും എംഡി അലോക് സിംഗ് പറഞ്ഞു.
ഹജ്ജ് വിമാനങ്ങളിലെ തീര്‍ത്ഥാടകര്‍ക്ക് സുഗമവും തടസ്സമില്ലാത്തതുമായ യാത്രാ അനുഭവം ഉറപ്പാക്കുന്നതിന് വിപുലമായ ക്രമീകരണങ്ങള്‍ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും നടത്തിയിട്ടുണ്ട്.
ഡെഡിക്കേറ്റഡ് ഓണ്‍-ഗ്രൗണ്ട് ടീമുകള്‍: ഇന്ത്യയിലെ നാല് സ്റ്റേഷനുകളിലും ജിദ്ദ, മദീന എന്നിവിടങ്ങളിലും പരിചയസമ്ബന്നരായ പ്രൊഫഷണലുകളെ ഉള്‍പ്പെടുത്തി എയര്‍ലൈനുകള്‍ പ്രത്യേക ടീമുകള്‍ രൂപീകരിച്ചിട്ടുണ്ട്. പുറപ്പെടല്‍ മുതല്‍ എത്തിച്ചേരല്‍ വരെയുള്ള പ്രവര്‍ത്തനങ്ങളുടെ എല്ലാ വശങ്ങളിലും അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കും. കൂടാതെ, വിമാനങ്ങളുടെ നിരന്തരമായ നിരീക്ഷണത്തിനും ഏകോപനത്തിനുമായി ഒരു പ്രത്യേക കണ്ട്രോള് സെന്ററും സ്ഥാപിച്ചിട്ടുണ്ട്.
മുതിര്‍ന്ന പൗരന്മാര്ക്ക് പ്രത്യേക ക്രമീകരണങ്ങള്‍: പ്രായമായ തീര്‍ഥാടകര്‍ക്ക് പ്രത്യേക പരിചരണവും ശ്രദ്ധയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സുഗമമായ ചെക്ക്-ഇൻ: എല്ലാ തീര്‍ഥാടകര്‍ക്കും ചെക്ക്-ഇൻ നടപടികള്‍ കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിന്, എയര്‍ ഇന്ത്യ അവര്‍ക്ക് ബോര്‍ഡിംഗ് പാസുകള്‍ ഒരു കസ്റ്റമൈസ്ഡ് എൻവലപ്പില് മറ്റ് പ്രധാന രേഖകളോടൊപ്പം നല്‍കും. എയര്‍ ഇന്ത്യ എക്സ്പ്രസ് ഇന്ത്യയില്‍ ചെക്ക്-ഇൻ ചെയ്യുന്ന സമയത്ത് യാത്രക്കാര്‍ക്ക് അവരുടെ യാത്രയ്ക്കും തിരിച്ചുമുള്ള യാത്രയ്ക്കുമുള്ള ബോര്‍ഡിംഗ് കാര്‍ഡുകള്‍ കൊണ്ടുപോകാൻ കളര്‍-കോഡുള്ള പൗച്ചുകള്‍ നല്‍കും. കൂടാതെ, എളുപ്പത്തില്‍ തിരിച്ചറിയുന്നതിനായി പുറപ്പെടല്‍ സ്ഥലവും ലക്ഷ്യസ്ഥാനവും സൂചിപ്പിക്കുന്ന ബോള്‍ഡ് അക്ഷരങ്ങളുള്ള, ലഗേജ് ടാഗുകള്‍ രണ്ട് എയര്‍ലൈനുകളും ലഭ്യമാക്കും.
ബാഗേജ് കൈകാര്യം ചെയ്യാനുള്ള സൗകര്യം: മദീനയിലെ യാത്രക്കാരില്‍ നിന്ന്, ജിദ്ദയിലെ ട്രാൻസ്പോര്‍ട്ട് ഓപ്പറേറ്റര്‍മാര്‍ വഴി ചെക്ക്-ഇൻ ബാഗുകള്‍ ശേഖരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്ബ് ബാഗേജുകള്‍ വിമാനത്താവളത്തില്‍ എത്തിക്കും.
റിഫ്രഷ്മെന്റ് ക്രമീകരണങ്ങള്‍: ഇന്ത്യയില്‍ നിന്ന് പ്രി ചെക്ക്-ഇൻ മുതല്‍ ബോര്‍ഡിംഗ് വരെയുള്ള യാത്രയ്ക്കിടയിലും വിമാനത്തിനുള്ളിലും ജിദ്ദയിലും മദീനയിലും ഇറങ്ങുന്ന സമയത്തും മീല്‍ ബോക്സുകള്‍ നല്‍കുന്നതിന് തിരഞ്ഞെടുത്ത കാറ്ററര്‍മാരുമായി മതിയായ ക്രമീകരണങ്ങള്‍ രണ്ട് എയര്‍ലൈനുകളും ഒരുക്കിയിട്ടുണ്ട്.
സംസം വെള്ളത്തിന്റെ ലഭ്യത: എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും ഇന്ത്യയിലേക്കുള്ള മടക്ക വിമാനങ്ങളില്‍ സംസം വെള്ളം കൊണ്ടുവരും. നാല് ലക്ഷ്യസ്ഥാനങ്ങളില്‍ ഇത് സംഭരിക്കും. തീര്‍ത്ഥാടകര്‍ ലക്ഷ്യസ്ഥാനത്ത് തിരിച്ചെത്തിയ ശേഷം വിശുദ്ധജലം കൈമാറും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.