കുന്ദമംഗലം:പൂനൂര് പുഴക്ക് കുറുകെ പടനിലത്ത് നിലവിലുള്ള ഇടുങ്ങിയ പാലം ഏറെക്കാലമായി ഗതാഗതക്കുരുക്കിന് ഇടയാക്കി വരികയാണ്. പടനിലം നരിക്കുനി റോഡിന്റെ നവീകരണം പൂര്‍ത്തിയായെങ്കിലും പാലം പുനര്‍ നിര്‍മ്മിക്കാത്തതു കാരണം ഇരുഭാഗത്തേക്കും കടന്നപോവുന്ന വാഹനങ്ങള്‍ പാലത്തിലേക്ക് പ്രവേശിക്കാൻ സാധിക്കാതെ കാത്തിരിക്കേണ്ട സ്ഥിതിയാണ്. ഇതിന് പരിഹാരമായി പുതിയ പാലം നിര്‍മ്മിക്കണമെന്ന ഏറെക്കാലമായുള്ള പ്രദേശവാസികളുടെ ആവശ്യമാണ് പാലം പ്രവൃത്തിക്കുള്ള തടസങ്ങള്‍ പൂര്‍ണമായും നീങ്ങിയ സാഹചര്യത്തില്‍ പൂവണിയുന്നത്.
പാലം പ്രവൃത്തിയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതിന് മാര്‍ച്ച് 16 ന് 7.16 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചിരുന്നു. എന്നാല്‍ സ്ഥലമുടമകള്‍ക്ക് നഷ്ടപരിഹാരം കൈമാറാത്തതിനാല്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പാലം പ്രവൃത്തി ടെണ്ടര്‍ ചെയ്യാൻ സാധിച്ചിരുന്നില്ല.ഇപ്പോള്‍ സ്ഥലം ഉടമകള്‍ക്ക് ട്രഷറി മുഖേന പണം കൈമാറുന്നതിന് തുക അനുവദിച്ചുകൊണ്ട് ധനകാര്യ വകുപ്പ് ഉത്തരവായതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. പാലത്തിനും അപ്രോച്ച് റോഡിനും വേണ്ടി ഏറ്റെടുക്കുന്ന സ്ഥലത്തിന് 1,07,94,458 രൂപയാണ് സ്പെഷ്യല്‍ തഹസില്‍ദാര്‍ വിലയായി നിശ്ചയിച്ചിരുന്നതെങ്കിലും ഭൂമി ഏറ്റെടുക്കല്‍ നോട്ടിഫിക്കേഷൻ തീയതിയായ 14-10-2019 മുതലുള്ള പലിശയായ 45,95,777 രൂപ അടക്കം 1,53,90,235 രൂപയാണ് ഉടമകള്‍ക്ക് കൈമാറുന്നതിന് ട്രഷറിയിലേക്ക് മാറ്റിയിട്ടുള്ളത്.
2011 ല്‍ പാലത്തിന് ഭൂമി ഏറ്റെടുക്കാൻ 50 ലക്ഷം രൂപയുടെയും 2018 ല്‍ പാലം നിര്‍മ്മാണത്തിന് 5.5 കോടി രൂപയുടെയും ഭരണാനുമതി ലഭിച്ചിരുന്നുവെങ്കിലും സ്ഥലം ഏറ്റെടുക്കുന്നതില്‍ വന്ന കാലതാമസം കാരണം പ്രവൃത്തി നീണ്ടു പോകുകയായിരുന്നു. പാലം നിര്‍മ്മിക്കുന്നതിന് കുന്ദമംഗലം, മടവൂര്‍ വില്ലേജുകളിലായി 34.2 സെന്റ് ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഉടമകളില്‍ നിന്ന് മുൻകൂറായി സ്ഥലം ലഭ്യമാക്കാൻ നാട്ടുകാരുടെ കമ്മിറ്റി ശ്രമം നടത്തിയിരുന്നുവെങ്കിലും ചില ഉടമകള്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് പാലം പ്രവൃത്തി നേരത്തേ ടെണ്ടര്‍ ചെയ്യാൻ സാധിക്കാതെ പോയത്. അറുപത് വര്‍ഷത്തോളം പഴക്കമുള്ള പടനിലത്തെ ഇടുങ്ങിയ പാലം നിലനിര്‍ത്തിക്കൊണ്ടാണ് പുതിയ പാലം നിര്‍മ്മിക്കുന്നതിന് പദ്ധതി തയാറാക്കിയിട്ടുള്ളത്. ആകെ 79 മീറ്റര്‍ നീളത്തില്‍ നിര്‍മ്മിക്കുന്ന പുതിയ പാലത്തിന് 1.5 മീറ്റര്‍ വീതിയിലുള്ള ഫുട്പാത്ത് ഉള്‍പ്പെടെ 9.5 മീറ്റര്‍ വീതിയാണ് ഉണ്ടാവുക. പടനിലം ഭാഗത്ത് 150 മീറ്റര്‍ നീളത്തിലും ആരാമ്ബ്രം ഭാഗത്ത് 80 മീറ്റര്‍ നീളത്തിലും അപ്രോച്ച് റോഡ് നിര്‍മ്മിക്കുന്ന പ്രവൃത്തിയും പദ്ധതിയുടെ ഭാഗമായി പൂര്‍ത്തീകരിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








