ദുബൈ: ദുബൈയിലെ ദേരയില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തില്‍ മരിച്ച മലപ്പുറം കണ്ണമംഗലം ചേരൂര്‍ സ്വദേശി റിജേഷിനെയും ഭാര്യ ജിഷിയെയും വിധി തട്ടിയെടുത്തത് തങ്ങളുടെ സ്വപ്ന ഭവനത്തില്‍ ഒരു ദിവസം പോലും അന്തിയുറങ്ങാന്‍ അനുവദിക്കാതെ. പതിനൊന്ന് വര്‍ഷം മുമ്പ് വിവാഹിതരായ റിജേഷിനും ജിഷിക്കും മക്കളില്ല.
പ്രവാസ ലോകത്ത് ജോലി ചെയ്ത് സമ്പാദിച്ചാണ് വീടെന്ന സ്വപ്നം അടുത്തിടെ ഏതാണ്ട് പൂര്‍ത്തീകരിച്ചത്. വിഷുവിന് ഗൃഹപ്രവേശനം നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ചില കാരണങ്ങളാല്‍ ആ സമയം നാട്ടില്‍ പോകാന്‍ കഴിയാതെ വന്നതോടെ തീരുമാനം മാറ്റി. എങ്കിലും വൈകാതെ തന്നെ പണി പൂര്‍ത്തിയാക്കി പുതിയ വീട്ടില്‍ താമസം തുടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. ദേരയില്‍ ഡ്രീംലൈന്‍ ട്രാവല്‍ ഏജന്‍സി എന്ന സ്ഥാപനം നടത്തിവരികയായിരുന്നു റിജേഷ്. വുഡ്ലം പാര്‍ക്ക് സ്കൂളില്‍ കഴിഞ്ഞ മാസം ജോലിയില്‍ പ്രവേശിച്ച ജിഷി നേരത്തെ അഞ്ച് വര്‍ഷത്തോളം ദുബൈ ക്രസന്റ് സ്കൂളില്‍ അധ്യാപികയായിരുന്നു.
തീപിടുത്തമുണ്ടായ ദിവസം വിഷു ദിനം ആയിരുന്നതിനാല്‍ റിജേഷ് ഓഫീസില്‍ പോയിരുന്നില്ല. ശനിയാഴ്ച സ്കൂള്‍ അവധിയായിരുന്നതുകൊണ്ട് ജിഷിയും വീട്ടിലുണ്ടായിരുന്നു. രണ്ട് പേരും ഉറക്കത്തിലായിരുന്ന സമയത്താണ് തീപിടിച്ചത്. അഞ്ച് നില കെട്ടിടത്തിന്റെ നാലാം നിലയിലാണ് തീപിടിച്ചത്. പുക ഉയരുന്നത് കണ്ടുവെങ്കിലും ഇത്ര വലിയ ദുരന്തമായി അത് മാറുമെന്ന് അറിഞ്ഞിരുന്നില്ലെന്ന് പരിസരത്തുണ്ടായിരുന്നവര്‍ പറഞ്ഞു. വലിയ പൊട്ടിത്തെറി ശബ്ദം കേട്ടാണ് പലരും ഇവിടേക്ക് ഓടിയെത്തിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









