കൂളിമാട്: കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് കൂളിമാടിൽ നിർമിക്കുന്ന പാലത്തിന്റെ പ്രവൃത്തി അവസാനഘട്ടത്തിലെത്തി. പാലത്തിന്റെ മറുവശത്ത്, മപ്രം ഭാഗത്ത് വ്യാഴാഴ്ച അവസാന കോൺക്രീറ്റിംഗ് നടത്തി. രാവിലെ തുടങ്ങിയ കോൺക്രീറ്റ് രാത്രിയോടെ പൂർത്തിയായി. 180 മീറ്റര്‍ ക്യൂബ് (1500 ചാക്ക്) കോണ്‍ക്രീറ്റിന്റെ പ്രവൃത്തിയാണ് നടന്നത്.
2019 ലെ പ്രളയത്തില്‍ പാലത്തിന്‍റെ പ്രവൃത്തിക്കായി നാട്ടിയ സംവിധാനങ്ങള്‍ ഒലിച്ചുപോവുകയും നിര്‍മാണ സാമഗ്രികള്‍ നശിക്കുകയും ചെയ്തതോടെ പ്രവൃത്തി നിര്‍ത്തിവെക്കേണ്ടിവന്നു. തുടര്‍ന്ന് പാലത്തിന്‍റെ ഡിസൈനും എസ്റ്റിമേറ്റും പുതുക്കിയശേഷമാണ് പ്രവൃത്തി പുനരാരംഭിച്ചത്.
പാലത്തിന് 35 മീറ്റര്‍ നീളത്തിലുള്ള ഏഴ് സ്പാനുകളും 12 മീറ്റര്‍ നീളത്തിലുള്ള അഞ്ച് സ്പാനുകളുമാണുള്ളത്. 35 മീറ്റര്‍ നീളത്തിലുള്ള സ്പാനുകളെല്ലാം പുഴയിലും 12 മീറ്റര്‍ നീളത്തിലുള്ളവ കര ഭാഗത്തുമാണ്. മപ്രം ഭാഗത്ത് 35 മീറ്റര്‍ നീളത്തിലുള്ള അവസാന സ്പാനിന്റെ കോണ്‍ക്രീറ്റാണ് വ്യാഴാഴ്ച നടന്നത്. ഈ സ്പാനിനുള്ള ബീമുകളായിരുന്നു മേയ് 16ന് ചാലിയാറിലേക്ക് തകര്‍ന്നുവീണത്.
പിന്നീട് ഇവയെല്ലാം പൊളിച്ചുനീക്കി പുതിയ ബീം ഉണ്ടാക്കിയ ശേഷമാണ് ഇപ്പോള്‍ കോണ്‍ക്രീറ്റ് നടന്നത്. 309 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുള്ള പാലത്തിന് ഇരുഭാഗത്തും 1.5 മീറ്റര്‍ വീതിയില്‍ നടപ്പാതയുമുണ്ടാകും. ഇന്റഗ്രേറ്റഡ് സ്ട്രക്ചര്‍ രീതിയിലാണ് നിര്‍മാണം. കൂളിമാട് ഭാഗത്ത് 160 മീറ്റര്‍ നീളത്തിലും മപ്രം ഭാഗത്ത് 80 മീറ്റര്‍ നീളത്തിലും അപ്രോച്ച് റോഡും നിര്‍മിക്കുന്നുണ്ട്. ഇതിന്റെ പ്രവൃത്തിയും പുരോഗമിക്കുകയാണ്. ആകെ 13 തൂണുകളാണുള്ളത്.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് കോഓപറേറ്റിവ് സൊസൈറ്റി കരാറെടുത്ത പാലത്തിന് കിഫ്ബി മുഖേന 25 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭ്യമാക്കിയത്. ശേഷിക്കുന്ന ജോലികളും പൂര്‍ത്തിയാക്കി മാര്‍ച്ചില്‍ പാലം തുറന്നുകൊടുക്കാനാകുമെന്നാണ് പ്രതീക്ഷ. പാലം പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതോടെ കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശങ്ങളിലുള്ളവര്‍ക്കടക്കം കരിപ്പൂര്‍ എയര്‍പോര്‍ട്ടിലേക്കും തിരിച്ചും എളുപ്പത്തില്‍ എത്തിച്ചേരാന്‍ ഇത് സഹായകമാവും.
അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ വ്യാഴാഴ്ച രാവിലെ കോണ്‍ക്രീറ്റ് പ്രവൃത്തി വിലയിരുത്താനെത്തി. പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കല്‍ ഗഫൂര്‍, കെ.ആര്‍.എഫ്.ബി എക്സി. എന്‍ജിനീയര്‍ കെ. അബ്ദുല്‍ അസീസ്, അസി. എക്സി. എന്‍ജിനീയര്‍ പി.ബി. ബൈജു, അസി. എന്‍ജിനീയര്‍ എം. അബ്ദുല്‍ വഹാബ്, ഓവര്‍സിയര്‍ എല്‍. ഹാരിസ്, ടി.വി. ബഷീര്‍, എ. റസാഖ് എന്നിവര്‍ സന്നിഹിതരായി.
2016-17 ബജറ്റിൽ പ്രഖ്യാപിച്ച പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം 2019 മാർച്ച് ഒമ്പതിന് മന്ത്രി ടി.പി. രാമകൃഷ്ണനാണ് നിര്‍വഹിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







