സഹിക്കാന്‍ വയ്യാത്ത കഴുത്തുവേദനയും നടുവേദനയും ഇന്നത്തെ പൊതുസമൂഹം അനുഭവിച്ചു വരുന്ന ഒരു വലിയ പ്രതിസന്ധി തന്നെയാണ്. ചെറുപ്പക്കാര്‍ തുടങ്ങി മുതിര്‍ന്ന വ്യക്തികള്‍ വരെ ഇന്ന് കഴുത്തുവേദനയുടെയും നടുവേദനയുടെയും പിടിയില്‍ അകപ്പെട്ടിരിക്കുന്നു എന്ന് തന്നെ വേണം പറയാന്‍. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
അലസമായ ജീവിതശൈലിയാണ് കഴുത്തുവേദനയും നടുവേദനയും വര്‍ധിച്ചു വരുന്നതിന്റെ പ്രധാന കാരണങ്ങള്‍. ദീര്‍ഘനേരം ഇരിക്കുന്നത് വിട്ടുമാറാത്ത രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉദാസീനമായ ജീവിതശൈലി കാരണം പേശികള്‍ ആവശ്യമുള്ള ശക്തി നേടുന്നില്ല, അതു കൊണ്ട് നട്ടെല്ലിന് സ്ട്രെയിന്‍ താങ്ങാന്‍പറ്റാതെ വരുന്നു. ഇന്നത്തെ കംപ്യൂട്ടര്‍ യുഗത്തിന്റെ ഒരു പ്രത്യേകത എന്ന് പറയുന്നത് അധികം ശാരീരിക ആയാസം ഒന്നും ഇല്ലാതെ ഒരിടത്തു തന്നെ ഇരുന്നു ജോലി ചെയ്യേണ്ടി വരുന്നു എന്നതാണ്. മണിക്കൂറുകള്‍ തുടര്‍ച്ചയായി ഒരേ ഇരുപ്പില്‍ തന്നെ ഇരിക്കുമ്പോള്‍ ആ വ്യക്തിയുടെ കഴുത്തിന് ആയാസം അനുഭവപ്പെടുകയാണ്. അതോടൊപ്പം തന്നെ ശരീരത്തില്‍ ഉടനീളം ഇതേ ആയാസം അനുഭവപ്പെടുന്നു
തുടര്‍ച്ചയായി കംപ്യൂട്ടറിന്റെ മുന്നില്‍ ഇരുന്നു ജോലി ചെയ്യുമ്പോള്‍ നിവര്‍ന്നിരിക്കാതെ കഴുത്തു വളച്ചു മണിക്കൂറുകളോളം ഇരിക്കുന്നത് കഴുത്ത്, പുറം, തോള് എന്നിവയില്‍ കാര്യമായ ആയാസത്തിന് കാരണമാകും. നിങ്ങളുടെ നട്ടെല്ലിനും തോളിനും അരക്കെട്ടിനും ചുറ്റുമുള്ള പേശികള്‍ക്കും പിരിമുറുക്കം സംഭവിക്കുന്നു. അതോടെ നിങ്ങള്‍ക്ക് വേദന അനുഭവപ്പെടാന്‍ തുടങ്ങുന്നു. നിങ്ങള്‍ ഒരേ പൊസിഷനില്‍ ജോലി തുടരുമ്പോള്‍, ഈ പേശികള്‍ ക്ഷീണിക്കുകയും കൂടുതല്‍ വേദനാജനകമാവുകയും ചെയ്യുന്നു.
മൊബൈല്‍, ലാപ്ടോപ്പ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളുടെ മുന്‍പില്‍ കഴുത്ത് കുനിച്ചു വളരെയധികം സമയം ചെലവഴിക്കുന്നത് മൂലം നമ്മുടെ കഴുത്തിലെ പേശികളിലും ഡിസ്‌കുകളിലും വളരെയധികം സ്‌ട്രെയിന്‍ ഉണ്ടാവുകയും കഠിനമായ വേദന അനുഭവിക്കേണ്ടി വരികയും ചെയ്യുന്നു. ഇത് രോഗാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു . ദീര്‍ഘനേരം തുടര്‍ച്ചയായി വാഹനമോടിക്കുന്നത് കഴുത്ത്, പുറം, തോള് എന്നിവയില്‍ വേദനയ്ക്ക് കാരണമാകും. ഒരേ ഇരുപ്പില്‍ ഇരുന്ന് ഡ്രൈവ് ചെയ്യുമ്പോള്‍ കൂടുതല്‍ ശരീര ആയാസത്തിന് അവസരമില്ല. അതുമൂലം നിങ്ങളുടെ പേശികളും സന്ധികളും മുറുകുന്നു.
സ്ഥിരമായി ദീര്‍ഘനേരം ഇരിക്കുന്നത് നിങ്ങളുടെ നട്ടെല്ലിലെ ഡിസ്‌കുകളുടെ തേയ്മാനം വേഗത്തിലാകും. കാലക്രമേണ ഇത് ആവര്‍ത്തിച്ച് സംഭവിക്കുകയാണെങ്കില്‍ ഇത് തുടര്‍ച്ചയായ നടുവേദനയ്ക്കും കഴുത്ത് വേദനയ്ക്കും കാരണമാകും.
കംപ്യൂട്ടറിന്റെ മുന്നില്‍ അധികനേരം ചിലവഴിക്കുന്ന വ്യക്തിയാണെങ്കില്‍ ശ്രദ്ധിക്കേണ്ടത്
നടുവിനെ ശരിയായി പിന്തുണയ്ക്കുന്ന തരത്തില്‍ കസേര ക്രമീകരിച്ചുകൊണ്ട് നടുവേദനയ്ക്കുള്ള സാധ്യത കുറയ്ക്കുക. കംപ്യൂട്ടര്‍ സ്‌ക്രീന്‍ നിങ്ങളുടെ കണ്ണിന്റെ അതേ തലത്തില്‍ വയ്ക്കുക. കീബോര്‍ഡ് നിങ്ങളുടെ മുന്‍പില്‍ നേരെ വയ്ക്കുക. കൈത്തണ്ട നേരെയാക്കി വെയ്ക്കുവാന്‍ റിസ്റ്റ് ബോര്‍ഡ് ഉപയോഗിക്കാവുന്നതാണ്. അധികസമയം ഒരേരീതിയില്‍ തന്നെ ഇരിക്കാതെ എണീറ്റ് നില്‍ക്കുകയും അല്പം ശരീരം ഒന്ന് ഇരുവശങ്ങളിലേക്കും തിരിക്കുന്നതും നല്ലതാണ്. ഇടയ്ക്കിടെ കഴുത്ത് ചലിപ്പിക്കാന്‍ മറക്കരുത്.
ആരോഗ്യകരമായ ജീവിതശൈലി നിങ്ങള്‍ക്ക് ഭാവിയില്‍ നല്ല മാറ്റങ്ങള്‍ വരുത്തും. നിങ്ങള്‍ ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുകയും, പതിവായി വ്യായാമം ചെയ്യുകയും, ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും,ചെയ്യുന്നുവെങ്കില്‍, നിങ്ങളുടെ നട്ടെല്ലും ചുറ്റുമുള്ള ടിഷ്യുകളും ആരോഗ്യകരമായി തുടരാന്‍ നിങ്ങളെ സഹായിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







