കോഴിക്കോട്: ദേശീയപാത ബൈപ്പാസില്‍ ടോള്‍ നല്‍കാതെ കടന്നുപോകുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി പോലീസ്. ടോള്‍ പ്ലാസ അധികൃതർ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ടോള്‍ വെട്ടിച്ച് പോയ വാഹനങ്ങളുടെ ഉടമകള്‍ക്ക് പിഴ ചുമത്താൻ തുടങ്ങി.
ഇന്നലെ മാത്രം 86 വാഹനങ്ങളും ഇന്ന് ഉച്ചയ്ക്ക് ഒരു മണിവരെ 32 വാഹനങ്ങളും ടോള്‍ നല്‍കാതെ കടന്നുപോയതായാണ് കണക്ക്. ടോള്‍ നല്‍കാതെ പോകുന്ന വാഹനങ്ങള്‍ക്ക് ആയിരം രൂപയാണ് ട്രാഫിക് പോലീസ് പിഴ ഈടാക്കുന്നത്.
ടോള്‍ നല്‍കാൻ വിസമ്മതിക്കുന്നവരുമായുള്ള തർക്കങ്ങള്‍ ഒഴിവാക്കാൻ പ്ലാസയിലെ ജീവനക്കാർ വാഹനങ്ങള്‍ തടഞ്ഞുനിർത്തുന്നത് നിർത്തിയതോടെയാണ് ടോള്‍ വെട്ടിപ്പ് വ്യാപകമായത്. ടോള്‍ നല്‍കാതെ കടന്നുപോകുന്നവയില്‍ ഭൂരിഭാഗവും കാറുകളാണ്. നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ വിവരങ്ങള്‍ ടോള്‍ പ്ലാസ അധികൃതർ കൃത്യമായി പോലീസ് കൈമാറുന്നുണ്ട്. ഇത്തരത്തില്‍ പിടിക്കപ്പെടുന്ന വാഹന ഉടമകള്‍ക്ക് പിഴയടക്കം കനത്ത തുക നഷ്ടമാകുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









