കൊല്ലം: കൊല്ലം കൊട്ടിയത്ത് നിന്ന് 14കാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. തട്ടിക്കൊണ്ടുപോയതിന് പിന്നിൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കം. കുട്ടിയുടെ കുടുംബം ബന്ധുവിൽ നിന്ന് 10 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. അത് തിരികെ കിട്ടിയില്ല. പണം വാങ്ങാൻ ബന്ധുവിന്റെ മകനാണ് ക്വട്ടേഷൻ നൽകിയതെന്നാണ് പുറത്ത് വരുന്ന വിവരം.
തട്ടിക്കൊണ്ടുപോകലിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൊട്ടിയത്തെ വീട്ടിൽ നിന്ന് തമിഴ്നാട് സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ ആണ് പുറത്തുവന്നത്. മർത്താണ്ഡത്ത് ബി ഫാമിന് പഠിക്കുന്നയാളാണ് ക്വട്ടേഷൻ നൽകിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഒരു ലക്ഷം രൂപ ക്വട്ടേഷൻ നൽകിയിരുന്നു. രണ്ട് ദിവസത്തെ നിരീക്ഷണത്തിനൊടുവിലാണ് സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
കുട്ടിയെ തട്ടിക്കൊണ്ടുപോയി തമിഴ്നാട്ടിലെ മാർത്താണ്ഡത്ത് എത്തിക്കുകയായിരുന്നു ലക്ഷ്യം. ഒമ്പത് പേരാണ് സംഘത്തിലുണ്ടായിരുന്നത്. പാറശാല പോലീസ് കുട്ടിയെ രക്ഷപ്പെടുത്തി. മാർത്താണ്ഡം സ്വദേശി ബിജുവാണ് പോലീസ് പിടിയിലായത്. മറ്റു പ്രതികൾ രക്ഷപ്പെട്ടു. പ്രതികൾ സഞ്ചരിച്ചിരുന്ന കാറും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
നിലവിൽ ഒരാൾ മാത്രമാണ് പോലീസ് കസ്റ്റഡിയിലുള്ളതെങ്കിലും സംഘത്തിലെ എല്ലാവരെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ന് കൂടുതൽ പേർ പിടിയിലാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ഇതിനായി തമിഴ്നാട് പോലീസുമായി ഏകോപിപ്പിച്ച് കേരള പോലീസ് ഓപ്പറേഷൻ നടത്തുന്നുണ്ട്. ഡോക്ടർ ഉൾപ്പെടെയുള്ള സംഘമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









