ദില്ലി: രാജ്യത്ത് എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് തുടക്കമിട്ട് ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയർത്തി. പതാക ഉയർത്തിയ മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഇന്ത്യയിലെ നൂറ്റിനാല്‍പ്പത് കോടി ജനങ്ങള്‍ക്ക് സ്വാതന്ത്ര്യ ദിനാശംസകള്‍ നേരുന്നുവെന്നും ഇന്ത്യൻ യുവതയിൽ പ്രതീക്ഷ അർപ്പിക്കുന്നു എന്നും പറഞ്ഞു. മണിപ്പൂരിൽ സമാധാനത്തിന് ആഹ്വാനം ചെയ്തും ഭരണനേട്ടങ്ങൾ എടുത്തുപറഞ്ഞുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.
രാവിലെ ഏഴരയോടെയാണ് ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തിയത്. രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷമാണ് മോദി ചെങ്കോട്ടയിലെത്തിയത്. രാജ്ഘട്ടിൽ പുഷ്പാർച്ചന അർപ്പിച്ച മോദി രാജ്യത്തിനായി ജീവത്യാഗം ചെയ്ത സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ആദരവർപ്പിച്ചു.
രാജ്യം മണിപ്പൂരിലെ ജനങ്ങൾക്കൊപ്പമാണെന്ന് പ്രസംഗമധ്യേ മോദി പറഞ്ഞു. മണിപ്പൂരിൽ സമാധാനം വേണം. സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മണിപ്പൂർ സമാധാന പാതയിലേക്ക് തിരികെ വരുകയാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകള്‍ ചേർന്ന് സമാധാനം പുനസ്ഥാപിക്കാൻ സഹകരിച്ച് പ്രവർത്തിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. മണിപ്പൂരിലുണ്ടായത് ഹിംസാത്മ പ്രവർത്തനങ്ങളാണ്. പെൺമക്കളുടെയും അമ്മമാരുടെയും അഭിമാനത്തിന് മുറിവേറ്റു. നിരവധി പേർക്ക് മണിപ്പൂരിൽ ജീവൻ നഷ്ടമായി എന്നും പ്രധാനമന്ത്രി പറഞ്ഞു. മണിപ്പൂരിലെ ജനങ്ങള്‍ക്കൊപ്പമാണ് രാജ്യം.
അടുത്ത അഞ്ചു വർഷത്തിൽ രാജ്യം ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും. 2047 ൽ ഇന്ത്യ വികസിതരാജ്യമാകും എന്നും അടുത്ത തെരഞ്ഞെടുപ്പിലും ഭരണത്തുടർച്ച ഉണ്ടാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു. അടുത്ത ഓഗസ്റ്റ് 15നും വികസന നേട്ടം പങ്കുവെക്കാന്‍ ചെങ്കോട്ടയില്‍ എത്തുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
എല്ലാ വാഗ്ദാനങ്ങളും പൂർത്തികരിക്കാതെ ഈ സർക്കാർ വിശ്രമിക്കില്ല. പുതിയ ഭാരതത്തെ തടയാനും പരാജയപ്പെടുത്താനുമാവില്ല. നിശ്ചയിച്ച സമയത്തിന് മുന്‍പേ തന്നെ പുതിയ പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യാനായി. വനിത കേന്ദ്രീകൃത വികസനമാണ് ലക്ഷ്യം. ഇന്ത്യയിലെ വികസനത്തിന് വനിതകളുടെ നേതൃത്വം ഉണ്ടാകണം. അതിര്‍ത്തി ഗ്രാമങ്ങള്‍ അവസാനത്തേതതല്ല, ആദ്യ പരിഗണന ലഭിക്കേണ്ട ഗ്രാമങ്ങൾ. പ്രാദേശിക സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനായി പ്രവർത്തിക്കുകയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









