കനത്ത മഴയുടെ പശ്ചാത്തലത്തില്‍ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍മാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു.
വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് അങ്കണ്‍വാടികള്‍, പ്രൊഫഷനല്‍ കോളജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചത്. അതേസമയം, പി എസ് സി പരീക്ഷകള്‍ക്കും മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും മാറ്റമുണ്ടാകില്ല.
കോഴിക്കോട്ട് മഴ തുടരുന്നതിനാലും പലയിടങ്ങളിലായി വെള്ളക്കെട്ടും ശക്തമായ കാറ്റുമുള്ളതിനാലും നദീതീരങ്ങളില്‍ ക്രമാതീതമായി വെള്ളം ഉയരുന്ന സാഹചര്യത്തിലുമാണ് അവധി. അവധിയായതിനാല്‍ കുട്ടികള്‍ അനാവശ്യമായി പുറത്തിറങ്ങുന്നത് രക്ഷിതാക്കള്‍ നിയന്ത്രിക്കണമെന്നും പരിസരങ്ങളിലെ പുഴകളിലോ നദീതടങ്ങളിലോ ഒരു കാരണവശാലും ഇറങ്ങരുതെന്നും ജാഗ്രത പുലര്‍ത്തണമെന്നും കോഴിക്കോട് കലക്ടര്‍ അഭ്യര്‍ഥിച്ചു.
കണ്ണൂരില്‍ കാലവര്‍ഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അങ്കണ്‍വാടി, ഐ സി എസ് ഇ/ CBSE സ്കൂളുകള്‍, മദ്രസകള്‍ എന്നിവയടക്കം) ഇന്ന് കലക്ടര്‍ അവധി പ്രഖ്യാപിച്ചു. മേല്‍ അവധി മൂലം നഷ്ടപ്പെട്ടന്ന പഠന സമയം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്ന് കണ്ണൂര്‍ കലക്ടര്‍ അറിയിച്ചു. വിദ്യാര്‍ഥികളെ മഴക്കെടുതിയില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടതുമാണ്. പി എസ് സി പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








