സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാൽ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നു. വിവിധ അണക്കെട്ടുകള്‍ തുറന്നു. പത്തനംതിട്ടയില്‍ മണിയാര്‍ ഡാം തുറന്നതോടെ പമ്ബ, കക്കാട്ടാര്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
ഇടുക്കി ജില്ലയിലെ കല്ലാര്‍കുട്ടി, പാംബ്ല ഡാമുകൾ തുറന്നു. കല്ലാര്‍കുട്ടി അണക്കെട്ടിന്‍റെ ഒരു ഷട്ടര്‍ 15 സെന്‍റി മീറ്ററാണ് തുറന്നത്. അണക്കെട്ടില്‍ നിന്ന് സെക്കൻഡില്‍ 150 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഇതുമൂലം മുതിരപ്പുഴയാര്‍, പെരിയാര്‍ എന്നീ നദികളുടെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രതാ പാലിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ അറിയിച്ചു.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2307.84 അടിയിലെത്തി. ഇത് സംഭരണശേഷിയുടെ 15% ആണ്. കെഎസ്‌ഇബിയുടെയും ജലസേചന വകുപ്പിന്റെയും അണക്കെട്ടുകളിലെ ജലനിരപ്പും ഉയര്‍ന്നു. കെഎസ്‌ഇബി ഡാമുകളില്‍ 17 % വെള്ളമുണ്ട്.
ഇടുക്കിയിൽ മലയോര മേഖലകളിലൂടെയുള്ള രാത്രിയാത്ര നിരോധിച്ചു. വൈകിട്ട് ഏഴ് മുതൽ രാവിലെ ആറ് വരെയാണ് നിരോധനം.
അതേസമയം, മഴ നിര്‍ത്താതെ പെയ്യുന്നതിനാല്‍ സംസ്ഥാനത്ത് പന്ത്രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലത്ത് യെല്ലോ അലര്‍ട്ടാണ്. തിരുവനന്തപുരത്ത് മഴ മുന്നറിയിപ്പില്ല.
നാളെയും ശക്തമായ മഴ പെയ്തേക്കുമാണ് മുന്നറിയിപ്പുള്ളത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. വെള്ളിയാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ചയ്ക്ക് ശേഷം മഴ കുറഞ്ഞേക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









