തിരുവനന്തപുരം: യുഎഇയുടെ സ്ഥാപക പിതാവായ പരേതനായ ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ സ്മരണാര്‍ത്ഥം നടത്തുന്ന ഷെയ്ഖ് സായിദ് ചാരിറ്റി മാരത്തണിന്റെ 2023 പതിപ്പ് കേരളത്തില്‍ നടത്തുവാന്‍ ധാരണയായി.
യു.എ.ഇ, ഈജിപ്റ്റ്, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ നടന്നിട്ടുള്ള മാരത്തണ്‍ ആദ്യമായാണ് ഇന്ത്യയില്‍ നടത്തുന്നത്. മലയാളികളും എമിറേറ്റികളും തമ്മിലുള്ള ഊഷ്മളമായ ബന്ധമാണ് സായിദ് മാരത്തണിന്റെ സംഘാടകര്‍ കേരളത്തെ തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണം.
ലോകമെമ്ബാടും സ്നേഹവും സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള യു.എ.ഇ-യുടെ കാഴ്ചപ്പാടാണ് സായിദ് മാരത്തണുള്ളത്. ജീവകാരുണ്യ സംരംഭങ്ങളെ, പ്രത്യേകിച്ച് ആരോഗ്യ പരിപാലന മേഖലയെ പിന്തുണയ്ക്കുന്നതിനുള്ള ഷെയ്ഖ് സായിദിന്റെ പ്രതിബദ്ധതയും പ്രതിഫലിപ്പിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ജൂലൈ 5 ന് ചേര്‍ന്ന ഉന്നതതലയോഗം പരിപാടിയുടെ ആതിഥേയ നഗരമായി കോഴിക്കോടിനെ തിരഞ്ഞെടുത്തിരുന്നു.
മറൈന്‍ ഗ്രൗണ്ട് പ്രധാന വേദിയാക്കി മാനാഞ്ചിറ വഴിയുള്ള 5 കിലോമീറ്റര്‍ റോഡ് ആണ് ചാരിറ്റി റണ്ണിനുള്ള റൂട്ട് ആയി ആസൂത്രണം ചെയ്തിരിക്കുന്നത്. ടൂറിസം മന്ത്രി ചെയര്‍മാനും കായിക മന്ത്രി കോ-ചെയര്‍മാനുമായി സംഘാടക സമിതി രൂപീകരിച്ചു. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രെട്ടറി ഡോ. കെ.എം.എബ്രഹാം ആണ് പരിപാടിയുടെ ജനറല്‍ കണ്‍വീനര്‍. മുന്‍ സംസ്ഥാന പോലിസ് മേധാവി ജേക്കബ് പുന്നൂസ് ചെയര്‍മാനായുള്ള വര്‍ക്കിംഗ് കമ്മിറ്റിയുടെ രൂപീകരണത്തിന് യോഗം അംഗീകാരം നല്കി.
കേരളത്തിനകത്തും പുറത്തുമുള്ള യുവജനങ്ങളും വിദ്യാര്‍ഥികളും ഉള്‍പ്പെടെ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള 18 വയസ്സ് പൂര്‍ത്തിയായ 20000 ത്തോളം പേരെയാണ് പങ്കെടുപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. 2023 ഡിസംബറില്‍ പരിപാടി സംഘടിപ്പിക്കാനാണ് ലക്ഷ്യം. കോഴിക്കോട് നഗരത്തില്‍ വിപുലമായ സ്വാഗത സംഘം രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകും.
വലിയ തോതിലുള്ള ബഹുജന പങ്കാളിത്തം ഉറപ്പാക്കുന്നത് വഴി ആഗോള കായിക ഭൂപടത്തില്‍ സംസ്ഥാനത്തിന്റെ സ്ഥാനം ഉയര്‍ത്താനും ലോക വിനോദസഞ്ചാര ഭൂപടത്തില്‍ കേരളത്തിന്റെ സ്ഥാനം ഊട്ടിയുറപ്പിക്കുവാനും കഴിയും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.