സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട് പ്രഖ്യാപിച്ചു.
എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ്. വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
യെല്ലോ അലര്‍ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
ജൂണ്‍ 21: എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്.
ജൂണ്‍ 22: എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്.
ജൂണ്‍ 23: എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്.
തിങ്കളാഴ്ച തെക്ക് പടിഞ്ഞാറന്‍, മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ അതിനോട് ചേര്‍ന്നുള്ള മധ്യ കിഴക്കന്‍ അറബിക്കടലില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കി.മീ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
ചൊവ്വാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ തെക്ക് പടിഞ്ഞാറന്‍, മധ്യ പടിഞ്ഞാറന്‍ അറബിക്കടലില്‍ സമാനമായ രീതിയിലും കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മേല്‍ പറഞ്ഞ ദിവസങ്ങളില്‍ പ്രസ്തുത പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നു കാലാവസ്ഥ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








