ന്യൂഡല്‍ഹി: സെപ്റ്റംബറില്‍ ഇന്ത്യയില്‍ സാധാരണയിലും കൂടുതല്‍ മഴ ലഭിക്കാൻ സാധ്യതയെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് (ഐ.എം.ഡി). വടക്ക് പടിഞ്ഞാറൻ ഇന്ത്യയിലും ചുറ്റുമുള്ള പ്രദേശങ്ങളിലും കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്. ആഗസ്റ്റില്‍ സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിച്ചിരുന്നു.
ദീർഘകാല ശരാശരിയായ 167.9 മില്ലീ മീറ്ററിന്റെ 109 ശതമാനം മഴയാണ് ഈ മാസം പ്രതീക്ഷിക്കുന്നതെന്ന് ഐ.എം.ഡി ഡയറക്ടർ ജനറല്‍ മൃത്യുഞ്ജയ് മൊഹപത്ര വാർത്തസമ്മേളനത്തില്‍ പറഞ്ഞു.
ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശിന്റെ ചില ഭാഗങ്ങള്‍, ജമ്മു-കശ്മീർ, രാജസ്ഥാൻ, മധ്യപ്രദേശിന്റെ സമീപ പ്രദേശങ്ങള്‍ എന്നിവയുള്‍പ്പെടെ വടക്കുപടിഞ്ഞാറൻ മേഖലകളില്‍ കനത്ത മഴ പ്രതീക്ഷിക്കുന്നു. വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.
ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലർട്ട്
കോഴിക്കോട്: ശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തി ഇന്ന് അഞ്ച് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഞ്ഞ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.