കൊച്ചി: കഴിഞ്ഞ സീസണില്‍ സങ്കടത്താലും അപമാനത്താലും മടങ്ങേണ്ടിവന്നതിന് മറുപടിനല്‍കാന്‍ കേരള ബ്ലാസ്റ്റേഴ്സിന് സ്വന്തം മണ്ണില്‍ അവസരം. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ പത്താം എഡിഷനിലെ ഉദ്ഘാടനമത്സരത്തില്‍ ഇന്ന് ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ്.സി.യെ നേരിടും. കലൂരിലെ ജവാഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ രാത്രി എട്ടുമണിക്കാണ് കിക്കോഫ്.
കഴിഞ്ഞസീസണില്‍ ബെംഗളൂരുവിനെതിരായ പ്ലേ ഓഫ് മത്സരത്തില്‍ വിവാദമായ ഗോളിനെത്തുടര്‍ന്ന് ബ്ലാസ്റ്റേഴ്‌സ് ടീമിനെ കോച്ച് കളിക്കളത്തില്‍നിന്ന് പിന്‍വലിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ടീമിന് പിഴയും കോച്ചിന് പത്തുമത്സരങ്ങളില്‍ വിലക്കുമുണ്ടായി. ഗോളുകളുടെ ഡയമണ്ടായ ഗ്രീക്കുകാരന്‍ ദിമിത്രിയോസ് ഡയമന്റാകോസില്‍ വിശ്വാസമര്‍പ്പിച്ചാണ് ബ്ലാസ്റ്റേഴ്‌സ് ഇത്തവണയും ഇറങ്ങുന്നത്. ഘാനക്കാരനായ യുവതാരം ക്വാമി പെപ്രയുംകൂടി ചേരുന്നതോടെ വിദേശകരുത്തിലെ മുന്നേറ്റം ലക്ഷ്യമിടുന്നു. ഏഷ്യന്‍ ഗെയിംസില്‍ കളിക്കുന്ന ഇന്ത്യന്‍ ടീമിലായതിനാല്‍ മലയാളി താരം കെ.പി. രാഹുലിന്റെയും മധ്യനിരയില്‍ ബ്രൈസ് മിറാന്‍ഡയും ആദ്യകളികളിലുണ്ടാകില്ല. ദിമിത്രി-പെപ്രെ സഖ്യത്തിനൊപ്പം യുവതാരങ്ങളായ നിഹാല്‍ സുധീഷും ബിദ്യാസാഗര്‍ സിങ്ങും തിളങ്ങുമെന്നാണ് കോച്ചിന്റെ പ്രതീക്ഷ. സൂപ്പര്‍ സബ് പരിവേഷമുള്ള ഗോളടിക്കാരന്‍ ഇഷാന്‍ പണ്ഡിത വരുന്നതുവരെ ഈ ലൈനപ്പാകും പരീക്ഷിക്കുക.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









